2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കായംകുളം ജലോത്സവം ലോക ടൂറിസം ഭൂപടത്തിലേക്ക്കായംകുളം: കായംകുളം കായലില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജലോത്സവം ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്നു.

27ന് നടക്കുന്ന ജലോത്സവം കേന്ദ്രടൂറിസം വകുപ്പിനു വേണ്ടി ചിത്രീകരിക്കാന്‍ നാല്‍പതംഗ സാങ്കേതിക വിദഗ്ധരുടെ സംഘം കായംകുളത്തെത്തി.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള 4 ഡി ചിത്രീകരണമാണ് നടത്തുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജലോത്സവത്തിന്റെ 4ഡി ചിത്രീകരണം നടക്കുന്നത്.

കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയോടെ മുംബൈ ആര്‍ട്ട് ലാബ് എന്റര്‍ടൈന്‍മെന്റാണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. ഹൈദരാബാദിലെ രാംജി സ്റ്റുഡിയോയില്‍നിന്ന് കൊണ്ടുവന്ന 90 അടി ഉയരമുള്ള ട്രാഡാ ക്രെയിനില്‍ ക്യാമറ സ്ഥാപിച്ച് ഇരുമ്പു ചങ്ങാടത്തില്‍ കായലിലിറക്കി സൈഡ് ചിത്രീകരണം നടത്തും. കായല്‍പ്പരപ്പില്‍നിന്ന് 500 മീറ്റര്‍ ഉയരത്തില്‍ പറന്നാണ് ഹെലികോപ്റ്ററില്‍നിന്നുള്ള ചിത്രീകരണം നടത്തുകയെന്ന് സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീര്‍ പറഞ്ഞു.

സിനിമാ നിര്‍മ്മാതാവ് മന്‍മോഹന്‍ ഷെട്ടിയാണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവ്. ക്യാമറാമാന്‍ ഗോപാല്‍ഷാ ഛായാഗ്രഹണം നിര്‍വഹിക്കും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരാണ് എത്തിയിട്ടുള്ളത്.

ജലഘോഷയാത്ര മുതല്‍ ജലോത്സവത്തിന്റെ സമാപനം വരെയുള്ള ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തും. മത്സരവള്ളംകളിയുടെ സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ ഫിനിഷിങ് പോയിന്റു വരെ കായല്‍ നേര്‍രേഖയായി കിടക്കുന്നതാണ് ചിത്രീകരണത്തിന് കായംകുളം ജലോത്സവം തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.


കായംകുളം ജലോത്സവത്തിന് വര്‍ണാഭമായ തുടക്കംകായംകുളം: ഓണാട്ടുകരയുടെ സാംസ്‌കാരികത്തനിമ വിളിച്ചോതിയ സാംസ്‌കാരികഘോഷയാത്രയോടെ കായംകുളം എല്‍മെക്‌സ് ട്രോഫി ജലോത്സവത്തിന് വര്‍ണാഭമായ തുടക്കം.

കൃഷ്ണപുരം സാംസ്‌കാരിക സമുച്ചയത്തില്‍നിന്ന് ഘോഷയാത്ര ആരംഭിച്ചു. പഞ്ചാരിമേളം ഉള്‍പ്പെടെ വിവിധ വാദ്യമേളങ്ങള്‍, ഓച്ചിറക്കളി, കുത്തിയോട്ടപ്പാട്ട്, ഒപ്പന, തിരുവാതിര, തെയ്യം, നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മതമൈത്രി സന്ദേശം പകരുന്ന നിശ്ചലദൃശ്യവും മൂന്നാംകുറ്റി ഗായത്രിസെന്‍ട്രല്‍ സ്‌കൂളിന്റെ ബാന്റ് സംഘവും കായംകുളം ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. ഗേള്‍സ്എച്ച്.എസ്.എസ്. എം.എസ്.എം. സ്‌കൂള്‍, വിഠോബ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിവിധകലാരൂപങ്ങളും കാണികളുടെ പ്രശംസനേടി.

കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ സാംസ്‌കാരിക സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ ഘോയാത്രയില്‍ അണിചേര്‍ന്നു. കൃഷ്ണപുരംമുതല്‍ ജലോത്സവനഗറായ കായലോരംവരെ റോഡിനിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.

ഘോഷയാത്ര സമാപിച്ചശേഷം സാംസ്‌കാരികസമ്മേളനവും ഗാനമേളയും നടന്നു.

വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വഞ്ചിപ്പാട്ട് മത്സരം, നാടന്‍പാട്ട്, ഒപ്പന, തിരുവാതിരമത്സരങ്ങള്‍ നടക്കും. വൈകീട്ട് 7 ന് മെഗാസ്റ്റേജ്‌ഷോയും ഉണ്ടാകും.

കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

1 അഭിപ്രായം: