2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

" മൌനത്തിന്‍ ഇടനാഴിയില്‍ "


ജോണ്‍സന്‍ മാഷ്‌. മലയാള ചലച്ചിത്ര ലോകത്തിനു മറ്റൊരു തീരാ നഷ്ടം കൂടി. രവീന്ദ്രന്‍, ലോഹിതദാസ്, മുരളി, രാജന്‍ പി ദേവ്, കൊച്ചിന്‍ ഹനീഫ, ഗിരീഷ്‌ പുതെഞ്ചേരി, എം. ജി. രാധാകൃഷ്ണന്‍ തുടങ്ങി ഒരിക്കലും നഷ്ടം നികത്താനാവാത്തവരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. മലയാള സിനിമയുടെ സുവര്‍ണ കാലഖട്ടം ആയിരുന്നു 80 കളും, 90 കളും. മികച്ച സംവിധായകരുടെ മികച്ച ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഗാനങ്ങളും, മനോഹരമായ സംഗീതവും. പുതിയ കാലഖട്ടത്തിലെ അടിച്ചുപൊളി പാട്ടുകള്‍ക്കിടയില്‍ വല്ലപ്പോഴും സ്രെവ്യ സുന്ദരമായ ഗാനങ്ങള്‍ ആസ്വതിക്കണമെങ്കില്‍ ജോണ്‍സന്‍ മാഷിന്റെയും, രവീന്ദ്രന്‍ മാഷിന്റെയും ഒക്കെ പാട്ടുകള്‍ കേള്‍ക്കണം. സംഗീതത്തിനു മനുഷ്യന്റെ മാനസികാവസ്ഥ തന്നെ മാറുവാന്‍ കഴിയുമെന്ന് തെളിയിച്ചതാണ് ജോണ്‍സന്‍. ഓ.എന്‍.വി, കൈതപ്രം, ഗിരീഷ്‌ പുത്തെഞ്ചേരി തുടങ്ങിയവരുമായി ചേര്‍ന്ന് ജീവന്‍ നല്‍കിയ മാസ്മര സംഗീതം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. എന്നെങ്കിലും ഒരിക്കല്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ രവീന്ദ്രന്‍ മാഷിന്റെയോ ജോണ്‍സന്‍ മാഷിന്റെയോ സംഗീതം ആയിരിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രെഹിച്ചിരുന്നു. രണ്ടു പേരും കാല യവനികക്കുള്ളില്‍ മറഞ്ഞു.

ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളിലെ നല്ല ഗാനങ്ങള്‍ എന്നെന്നും നിലനിര്‍ത്തികൊണ്ട്, മരണം, 'രംഗബോധമില്ലാത്ത കോമാളി' ആ വലിയ കലാകാരനെയും തട്ടിയെടുത്തു കൊണ്ട് പോയി. അടുത്ത കാലത്ത് അദ്ദേഹം ഈണം പകര്‍ന്ന ' ഗുല്‍മോഹര്‍' എന്ന ചിത്രത്തിലെ ഗാനം പോലെ.
“ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ”.

മെലഡിയുടെ പൂക്കാലം അസ്തമിച്ചു.
ആ വലിയ കലാകാരന് മലയാള മണ്ണിന്റെ ആദരാഞ്ജലികള്‍

1 അഭിപ്രായം: