2011, മേയ് 4, ബുധനാഴ്‌ച

അനുരഞ്ജന ചര്‍ച്ച


ഒരു കാര്യം പേഴ്‍സനലായിട്ടു ചോദിച്ചോട്ടെ..

അയ്യോ.. ഒന്നല്ല, എത്ര വേണമെങ്കിലും ചോദിച്ചോളൂ…

താന്‍ ശരിക്കും പാക്കിസ്ഥാന്‍കാരനാണോ ?

വാട്ട് ഡു യു മീന്‍ ?? ഞാന്‍ ഇന്ത്യന്‍ മന്ത്രിയാണ്…

പക്ഷെ, എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരേ താനിവിടെ അവതരിപ്പിച്ച പേപ്പര്‍ കണ്ടാല്‍ താന് പാക്കിസ്ഥാന്‍കാരനാണെന്നേ തോന്നൂ…

എപ്പോഴും വികസനത്തിനു മുന്‍തൂക്കം കൊടുക്കുന്ന കൂട്ടത്തിലാ ഞങ്ങള്‍…

പത്തു കാശു കിട്ടിയാല്‍ പെറ്റ തള്ളയെ കൂട്ടിക്കൊടുക്കുന്ന നാറികള്‍ ഇന്ത്യയിലുണ്ടെന്ന് കേട്ടിട്ടുണ്ട്.. ഈ ലെവല്‍ വരെയൊക്കെ അവരെത്തും എന്നു തീരെ കരുതിയില്ല…

എന്നുവച്ചാല്‍ ?

അത് ഒന്നുകൂടി വിശദീകരിച്ചാലേ മനസ്സിലാവൂ എന്നതാണ് ഞാനും താനുമൊക്കെ തമ്മിലുള്ള വ്യത്യാസം.. എനിവേ താന്‍ വിളിച്ച കാര്യം പറ..

അതേ.. നമ്മളൊക്കെ ഏഷ്യക്കാരല്ലേ… ഇങ്ങനൊരു പ്രശ്നത്തില്‍ നമ്മളൊന്നിച്ചു നില്‍ക്കണ്ടേ ?

സ്വന്തം രാജ്യത്തെ ജനങ്ങള്‍ നരകിച്ചു ചാവുന്നതിനു പുല്ലുവില കൊടുക്കാത്ത താനൊക്കെയാണോടോ ഏഷ്യന്‍ സെന്റിമെന്റ്സ് ഒലത്താന്‍ പോകുന്നത് ?

അടങ്ങു കോയാ … എന്‍ഡോസള്‍ഫാന്‍ നിങ്ങളുദ്ദേശിക്കുന്നതുപോലെ കുഴപ്പം പിടിച്ച ഒരു സാധനമല്ല…

അറിയാം.. ഞങ്ങളുദ്ദേശിക്കുന്നതിനെക്കാള്‍ കുഴപ്പങ്ങള്‍ അതിനുണ്ട് എന്നു മനസ്സിലായത് കേരളത്തില്‍ നിന്നുള്ള കേസുകള്‍ കണ്ടപ്പോഴാണ്…

അയ്യോ.. അതു മൈന്‍ഡ് ചെയ്യരുത്.. അതൊന്നും എന്‍ഡോസള്‍ഫാന്റെ കുഴപ്പമല്ല.. സത്യത്തില്‍ എന്‍ഡോസള്‍ഫാന്‍ അവിടെ യൂസ് ചെയ്തതിന്റെ കുഴപ്പമാണ്.. പനി വരുമ്പോള്‍ ക്രോസിന്‍ കഴിക്കാന്‍ പറഞ്ഞെന്നു കരുതി ക്രോസിന്‍ കൊണ്ട് ജൂസടിച്ചു കഴിച്ചിട്ട് ക്രോസിന്‍ നിരോധിക്കണം എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ ? അവിടുള്ള അലവലാതികള്‍ അതുപയോഗിച്ചതിന്റെ കുഴപ്പമാണ്..

എങ്കില്‍ സ്വന്തമായി ഉപയോഗിച്ചോളാന്‍ പറഞ്ഞ് നിങ്ങള്‍ അണുബോംബ് ജനങ്ങള്‍ക്ക് കൊടുക്കാത്തതെന്ത് ? നേരേ ചൊവ്വേ ഉപയോഗിച്ചില്ലെങ്കില്‍ അവരനുഭവിക്കട്ടേന്നു വച്ചാല്‍ പോരേ ?

എന്‍ഡോസള്‍ഫാനും അണുബോംബും തമ്മില്‍ കംപയര്‍ ചെയ്യരുത് കോയാ…

എന്‍ഡോസള്‍ഫാനും ക്രോസിനുമായി താനും തീരെ കംപയര്‍ ചെയ്യരുത്…

ഇതിപ്പോ നമ്മളവിടെയും ഇവിടെയുമായി നിന്ന് സംസാരിച്ചിട്ടു കാര്യമില്ല.. അനുരഞ്ജനമാണ് വേണ്ടത്…

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം…

നിങ്ങളു ചുമ്മാ കേരളാ സിഎമ്മിനെപ്പോലെ സംസാരിക്കല്ലേ…

ചൈനീസ് പിഎമ്മും അതു തന്നെയാണല്ലോ പറയുന്നത്..

ഇതിനു പകരം ഒരു മരുന്നെടുക്കാനില്ല കോയാ…

ഇതുപോലെ ഉപയോഗം ഒന്നു പാളിയാല്‍ അതിനും മരുന്നില്ല, തലമുറകളായിരിക്കും നരകിച്ചു ചാവുന്നത്…തന്റെയൊക്കെ വീട്ടിലുള്ളതും മനുഷ്യര് തന്നെയല്ലേടോ..

അല്ല ഞങ്ങള്‍ തലമുറകളായിട്ടു പ്രേതങ്ങളാ…

വെരി ഗുഡ്…

വെറുതെ ഉടക്കല്ലേ കോയാ.. നിരോധനത്തെ എതിര്‍ക്കണം..

ഉടക്കും, എതിര്‍ക്കും.. ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ അനുവദിച്ചു കൊടുത്തുകൂടാത്ത വിഷമാണത്..

ഓ പിന്നേ… ഇന്ത്യയെയും സമോവയെയും പോലുള്ള രാജ്യങ്ങള്‍…

അതേത് രാജ്യം ?

സമോവ.. കേട്ടിട്ടില്ലേ.. വളര്‍ന്നു വരുന്ന യുവരാജ്യമാ… എന്‍ഡസോള്‍ഫാന്‍ നിരോധനം വേണമെന്ന് അവര്‍ പറഞ്ഞില്ല, എന്താ കാരണം.. അവര്‍ക്കു വിവരമുണ്ട്..

കഷ്ടിച്ച് ഒന്നരലക്ഷം ആളുകള്‍ താമസിക്കുന്ന കൊച്ചുദ്വീപ് ആണത്… എന്‍ഡോസള്‍ഫാന്‍ എന്താണെന്നു പോലും അറിയാത്ത അവര്‍ എന്തിന് അതിനെ എതിര്‍ക്കണം..

നിങ്ങള്‍ക്കു പിന്നെ ഇതിലെന്താണു താല്‍പര്യം കോയാ.. ഗള്‍ഫില്‍ എന്താണുള്ളത്.. ഒട്ടകം പിന്നെ ഈന്തപ്പനേം.. ഈന്തപ്പനയ്‍ക്കൊന്നും എന്‍ഡോസള്‍ഫാന്റെ ആവശ്യമില്ല.. പിന്നെ നിങ്ങള്‍ക്കെന്തിന്റെ കൃമികടിയാണ് അതിനെ എതിര്‍ക്കാന്‍…

താനാ പറഞ്ഞ അസുഖത്തിനു തനിക്കു ചെലപ്പോ പറ്റും എന്‍ഡോസള്‍ഫാന്‍…

ശ്ശൊ.. ഇങ്ങനെ ഉടക്കിയാല്‍ ഇതെങ്ങുമെത്തില്ല.. ഈ ഗ്യാപ്പില്‍ നമ്മളെല്ലാം കോംപ്ലിമെന്‍റസാക്കണം കോയാ… പ്ലീസ് അതു നിരോധിക്കണമെന്നു വാശിപിടിക്കരുത്…ഞങ്ങള്‍ എന്തും തരാം..

എന്നു വച്ചാല്‍ ??

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നിങ്ങടെ രാജ്യത്തുണ്ടല്ലോ.. അവന്മാരുടെയെല്ലാം സ്വത്ത് കണ്ടുകെട്ടുവോ പാസ്‍പാര്‍ട്ട് പിടിച്ചുവയ്‍ക്കുവോ എന്താണെന്നു വച്ചാ ചെയ്തോ…ഞങ്ങടെ കഞ്ഞികുടി മുട്ടിക്കരുത്.. ലോകത്ത് ഈ സാധനം ഉണ്ടാക്കുന്നതിലും കയറ്റി അയക്കുന്നതും ഞങ്ങളാ നമ്പര്‍ വണ്‍…നിരോധനം വന്നാല്‍ എനിക്കു പിന്നെ തിരിച്ചവിടെ കാലു കുത്താനൊക്കില്ല…

നിരോധനം വന്നില്ലെങ്കിലും അവിടെ കാലു കുത്താന്‍ ജനം സമ്മതിക്കുവോ..

ജനത്തെയൊക്കെ നമുക്ക് ഒതുക്കാമെന്നേ.. ഒരു രക്ഷയുമില്ലെങ്കില്‍ വെടിവച്ചുകൊല്ലാം.. ബട്ട് മുതലാളീസ് ആന്‍ഡ് ഏജന്‍റ്സ്…

ജനകീയകലാപം ഉണ്ടായാല്‍ തന്റെയൊക്കെ തല തെറിക്കില്ലേ ?

ജനകീയ കലാപത്തിനും തീവ്രവാദി ആക്രമണത്തിനുമിടയില്‍ ഞങ്ങളൊരു ചെറിയ വരയേ ഇട്ടിട്ടുള്ളൂ… ആരുടെ തല തെറിക്കുമെന്നൊക്കെ നമുക്ക് കാണാം…

ഹസാരെ എന്നൊരാണ്ണന്റെ സമരം പോലും വിജയിച്ചല്ലോ…

അങ്ങേര് സമരം ചെയ്തു, അങ്ങേരെ പിടിച്ചു ഞങ്ങള്‍ കമ്മിറ്റീലിട്ടു.. കമ്മിറ്റിക്കകത്തിട്ട് പുള്ളിയെ ചക്രശ്വാസം വലിപ്പിക്കും.. ഈ ജനത്തെ കൊണ്ടു തന്നെ അങ്ങേരെ കല്ലെറിയിക്കും.. കളി കാണാന്‍ പോകുന്നതല്ലേയുള്ളൂ കോയാ..

എന്നാലും നിങ്ങള്‍ സോ കോള്‍ഡ് ജനാധിപത്യരാജ്യമായിട്ട് ജനങ്ങളുടെ അഭിപ്രായത്തിനെതിരായി തീരുമാനമെടുക്കുന്നത് തെറ്റല്ലേ ?

കോയാ, തനിക്കൊന്നും ജനാധിപത്യത്തെപ്പറ്റി ഒന്നുമറിയില്ല… ജനം ജനത്തിനിഷ്ടമുള്ളത് ചെയ്യുന്നു, ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുന്നു… അതല്ലേ ജനാധിപത്യം ?

താനെന്തെങ്കിലും ചെയ്യ്…ബട്ട് വിഷക്കച്ചവടം നടത്തി തുടര്‍ന്നു ജീവിക്കാമെന്ന മോഹം വേണ്ട… അത് പൊളിച്ചു കയ്യില്‍ തരാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്…

ഇതെങ്ങുമെത്തുന്നില്ലല്ലോ കോയാ… നമുക്കോരോ ചായേം കടീം ആവാം അല്ലേ ?

ഓ… പക്ഷെ, എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ല…

ബെയറര്‍… ഒരു ജൈവചായേം ഒരു ജൈവപരിപ്പുവടേം… പിന്നെ അങ്ങേര്‍ക്കെന്താന്നു വച്ചാല്‍ അതും..

അതെന്താടോ ജൈവ ചായേം വടേം ?

ഹൗ… എല്ലാത്തിലും വിഷമല്ലേടോ… തേയിലയാണെങ്കിലും പരിപ്പാണെങ്കിലുമൊക്കെ വിഷമല്ലേ വിഷം..നമ്മള്‍ സൂക്ഷിക്കാനുള്ളത് സൂക്ഷിച്ചില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ ?

(ഇടവേള)

--

2 അഭിപ്രായങ്ങൾ: