2011, മേയ് 3, ചൊവ്വാഴ്ച

ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയില്‍

ന്യൂദല്‍ഹി: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ജനീവ സമ്മേളനം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയിലെത്തി.
എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി മേധാവിയുമായി ഇന്ത്യയുടെ ഔദ്യോഗിക സംഘം നിരന്തരം കൂടിയാലോചന നടത്തിയത് കണ്ടുപിടിച്ച ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ ജനതയെ പ്രതിനിധാനംചെയ്യുന്നത് കേരളമാണെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക നിലപാട് ജനങ്ങളെ പ്രതിനിധാനംചെയ്യുന്നതല്ലെന്നും ഇന്ത്യ വിതരണം ചെയ്ത കരട് പ്രസ്താവന തള്ളിക്കളയണമെന്നും പകരം കേരളം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനതയുടെ ആവശ്യമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ മുന്നോട്ടുവന്നു. അതോടെ ജനീവയില്‍ പങ്കെടുത്ത മുഴുവന്‍ രാജ്യങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി കേരളത്തിന്റെ പ്രതിനിധികള്‍ മാറി.
കേരളം നടത്തിയ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രതിനിധികള്‍ നിരോധം ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള നിരീക്ഷകരായ ഡോ. മുഹമ്മദ് അശീലിനെയും ഡോ. ജയകുമാറിനെയും സമാശ്വസിപ്പിക്കുകയും ചെയ്തു.
ഇതിനിടയിലാണ് കേരളം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി ചോദിച്ച് ഇറാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം രാജ്യങ്ങള്‍ അവെര സമീപിച്ചത്. റിപ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പികളെടുത്ത് ഇന്ത്യന്‍ ജനതയുടെ ആവശ്യമിതാണെന്ന് പ്രഖ്യാപിച്ച് പരസ്യമായി അവര്‍ വിതരണം ചെയ്തു.
ആധികാരികമല്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും തള്ളിയ ഈ റിപ്പോര്‍ട്ട് അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച റിപ്പോര്‍ട്ടായി മാറുകയായിരുന്നു.
കേരളത്തില്‍നിന്ന് സര്‍വകക്ഷി സംഘം വന്നപ്പോള്‍ പ്രധാനമന്ത്രിക്ക് പെട്ടെന്ന് കാര്യം ഗ്രഹിക്കാന്‍ കേരളം നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍നിന്ന് ലഭിച്ച വിവരങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളും കൂട്ടിച്ചേര്‍ത്തതായിരുന്നു ഈ സംക്ഷിപ്ത റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ ഉപവാസ സമരവും അതിന് കേരളീയര്‍ ഒന്നടങ്കം നല്‍കിയ പിന്തുണയും 'ലൈവാ'യി കണ്ട സമ്മേളന പ്രതിനിധികള്‍ക്ക് ഈ റിപ്പോര്‍ട്ടില്‍ സംശയിക്കാനൊന്നുമില്ലായിരുന്നു. പ്രചാരണം കുറിക്കു കൊണ്ടതിന്റെ തെളിവായിരുന്നു നിരോധം ചര്‍ച്ചചെയ്ത ഉപസമിതിയുടെ അധ്യക്ഷ ഹല കേരള സര്‍ക്കാറിനെ ഔദ്യോഗികമായി പ്രതിനിധാനംചെയ്ത ആരോഗ്യ വകുപ്പിലെ ഡോ. മുഹമ്മദ് അശീലിനെ പ്രത്യേകം കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ