2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കായംകുളം ജലോത്സവം ലോക ടൂറിസം ഭൂപടത്തിലേക്ക്കായംകുളം: കായംകുളം കായലില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജലോത്സവം ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്നു.

27ന് നടക്കുന്ന ജലോത്സവം കേന്ദ്രടൂറിസം വകുപ്പിനു വേണ്ടി ചിത്രീകരിക്കാന്‍ നാല്‍പതംഗ സാങ്കേതിക വിദഗ്ധരുടെ സംഘം കായംകുളത്തെത്തി.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള 4 ഡി ചിത്രീകരണമാണ് നടത്തുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജലോത്സവത്തിന്റെ 4ഡി ചിത്രീകരണം നടക്കുന്നത്.

കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയോടെ മുംബൈ ആര്‍ട്ട് ലാബ് എന്റര്‍ടൈന്‍മെന്റാണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. ഹൈദരാബാദിലെ രാംജി സ്റ്റുഡിയോയില്‍നിന്ന് കൊണ്ടുവന്ന 90 അടി ഉയരമുള്ള ട്രാഡാ ക്രെയിനില്‍ ക്യാമറ സ്ഥാപിച്ച് ഇരുമ്പു ചങ്ങാടത്തില്‍ കായലിലിറക്കി സൈഡ് ചിത്രീകരണം നടത്തും. കായല്‍പ്പരപ്പില്‍നിന്ന് 500 മീറ്റര്‍ ഉയരത്തില്‍ പറന്നാണ് ഹെലികോപ്റ്ററില്‍നിന്നുള്ള ചിത്രീകരണം നടത്തുകയെന്ന് സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീര്‍ പറഞ്ഞു.

സിനിമാ നിര്‍മ്മാതാവ് മന്‍മോഹന്‍ ഷെട്ടിയാണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവ്. ക്യാമറാമാന്‍ ഗോപാല്‍ഷാ ഛായാഗ്രഹണം നിര്‍വഹിക്കും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരാണ് എത്തിയിട്ടുള്ളത്.

ജലഘോഷയാത്ര മുതല്‍ ജലോത്സവത്തിന്റെ സമാപനം വരെയുള്ള ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തും. മത്സരവള്ളംകളിയുടെ സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ ഫിനിഷിങ് പോയിന്റു വരെ കായല്‍ നേര്‍രേഖയായി കിടക്കുന്നതാണ് ചിത്രീകരണത്തിന് കായംകുളം ജലോത്സവം തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.


കായംകുളം ജലോത്സവത്തിന് വര്‍ണാഭമായ തുടക്കംകായംകുളം: ഓണാട്ടുകരയുടെ സാംസ്‌കാരികത്തനിമ വിളിച്ചോതിയ സാംസ്‌കാരികഘോഷയാത്രയോടെ കായംകുളം എല്‍മെക്‌സ് ട്രോഫി ജലോത്സവത്തിന് വര്‍ണാഭമായ തുടക്കം.

കൃഷ്ണപുരം സാംസ്‌കാരിക സമുച്ചയത്തില്‍നിന്ന് ഘോഷയാത്ര ആരംഭിച്ചു. പഞ്ചാരിമേളം ഉള്‍പ്പെടെ വിവിധ വാദ്യമേളങ്ങള്‍, ഓച്ചിറക്കളി, കുത്തിയോട്ടപ്പാട്ട്, ഒപ്പന, തിരുവാതിര, തെയ്യം, നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മതമൈത്രി സന്ദേശം പകരുന്ന നിശ്ചലദൃശ്യവും മൂന്നാംകുറ്റി ഗായത്രിസെന്‍ട്രല്‍ സ്‌കൂളിന്റെ ബാന്റ് സംഘവും കായംകുളം ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. ഗേള്‍സ്എച്ച്.എസ്.എസ്. എം.എസ്.എം. സ്‌കൂള്‍, വിഠോബ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിവിധകലാരൂപങ്ങളും കാണികളുടെ പ്രശംസനേടി.

കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ സാംസ്‌കാരിക സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ ഘോയാത്രയില്‍ അണിചേര്‍ന്നു. കൃഷ്ണപുരംമുതല്‍ ജലോത്സവനഗറായ കായലോരംവരെ റോഡിനിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.

ഘോഷയാത്ര സമാപിച്ചശേഷം സാംസ്‌കാരികസമ്മേളനവും ഗാനമേളയും നടന്നു.

വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വഞ്ചിപ്പാട്ട് മത്സരം, നാടന്‍പാട്ട്, ഒപ്പന, തിരുവാതിരമത്സരങ്ങള്‍ നടക്കും. വൈകീട്ട് 7 ന് മെഗാസ്റ്റേജ്‌ഷോയും ഉണ്ടാകും.

കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കായംകുളം ജലോത്സവത്തില്‍ ഒന്‍പത് ചുണ്ടന്‍വള്ളങ്ങള്‍കായംകുളം: കായംകുളം കായലില്‍ ആഗസ്ത് 27ന് നടക്കുന്ന രണ്ടാമത് ജലോത്സവത്തില്‍ ഒന്‍പത് ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും.

മത്സരവള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും തീരുമാനിച്ചു. ഒന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ദേവസ്, രണ്ടില്‍ ചമ്പക്കുളം, മൂന്നില്‍ പായിപ്പാട്. രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ചെറുതന, രണ്ടില്‍ കാരിച്ചാല്‍, മൂന്നില്‍ ജവഹര്‍ തായങ്കരി. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ ആനാരി പുത്തന്‍ ചുണ്ടന്‍, രണ്ടില്‍ കരുവാറ്റ ശ്രീവിനായകന്‍ , മൂന്നില്‍ ശ്രീഗണേശന്‍.

വെപ്പ് എ ഗ്രേഡില്‍ ഒന്നാം ട്രാക്കില്‍ ജയ്‌ഷോട്ട്, രണ്ടില്‍ വെങ്ങാഴി, മൂന്നില്‍ ആശാപുളിക്കേക്കര, നാലില്‍ വേണുഗോപാല്‍.

ഇരുട്ടുകുത്തി എ ഗ്രേഡില്‍ ഒന്നാം ട്രാക്കില്‍ മാമൂടന്‍, രണ്ടില്‍ പടക്കുതിര, മൂന്നില്‍ ഇരുത്തിത്തറ.

തെക്കനോടി വനിതകളില്‍ ഒന്നാം ട്രാക്കില്‍ കമ്പനി, രണ്ടില്‍ ദേവസ്, മൂന്നില്‍ ചെല്ലിക്കാടന്‍.

ചുണ്ടന്‍വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാം ട്രാക്കില്‍ ഒന്നാം ഹീറ്റ്‌സിലെയും രണ്ടാം ട്രാക്കില്‍ മൂന്നാം ഹീറ്റ്‌സിലെയും മൂന്നാം ട്രാക്കില്‍ രണ്ടാം ഹീറ്റ്‌സിലെയും മൂന്നാം സ്ഥാനക്കാര്‍ മത്സരിക്കും.

രണ്ടാംസ്ഥാനം നേടിയ വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാം ട്രാക്കില്‍ രണ്ടാം ഹീറ്റ്‌സിലെയും രണ്ടാം ട്രാക്കില്‍ മൂന്നാം ഹീറ്റ്‌സിലെയും മൂന്നാം ട്രാക്കില്‍ ഒന്നാം ഹീറ്റ്‌സിലെയും രണ്ടാം സ്ഥാനക്കാര്‍ മത്സരിക്കും.

ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഒന്നും രണ്ടും മൂന്നും ട്രാക്കുകളില്‍ ഒന്നും രണ്ടും മൂന്നും ഹീറ്റ്‌സുകളിലെ ഒന്നാംസ്ഥാനക്കാര്‍ തന്നെ മത്സരിക്കും.

നറുക്കെടുപ്പിലൂടെയാണ് ട്രാക്കും ഹീറ്റ്‌സും തീരുമാനിച്ചത്. തുടര്‍ന്ന് ക്യാപ്റ്റന്‍സ് ക്ലിനിക്കും നടന്നു. സി.കെ.സദാശിവന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. എസ്.എം.ഇക്ബാല്‍, പ്രൊഫ. പി.രഘുനാഥ്, പ്രദീഷ്‌കുമാര്‍, പി.വേണുഗോപാല്‍, പി.ജെ.ജയമോഹന്‍ എന്നിവര്‍ സംസാരിച്ചു.

കായംകുളം ജലോത്സവത്തിന് ഒരുക്കങ്ങളായി


കായംകുളം: കായംകുളം കായലില്‍ എല്‍മെക്‌സ്‌ട്രോഫിക്കു വേണ്ടി ആഗസ്ത് 27ന് നടക്കുന്ന രണ്ടാമത് ജലോത്സവത്തിന് ഒരുക്കങ്ങളായി.

25ന് ജലോത്സവ കലാമേള തുടങ്ങും. വൈകീട്ട് 3ന് കൃഷ്ണപുരം സാംസ്‌കാരിക സമുച്ചയത്തില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. 6ന് ചേരുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.കെ.സദാശിവന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. വൈകീട്ട് 7 മുതല്‍ ഗാനമേള.

26ന് രാവിലെ 9 മുതല്‍ വഞ്ചിപ്പാട്ട് മത്സരം സി.കെ.സദാശിവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5ന് കാവ്യസന്ധ്യ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6ന് ചേരുന്ന സമ്മേളനം ജി.സുധാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗായത്രി തമ്പാന്‍ അധ്യക്ഷത വഹിക്കും. എല്‍മെക്‌സ് മാനേജിങ് ഡയറക്ടര്‍ കെ.സി.ഗോപാലകൃഷ്ണന്‍ സമ്മാനദാനം നടത്തും. വൈകീട്ട് 7ന് മെഗാസ്റ്റേജ്‌ഷോ, ഗാനമേള എന്നിവയുണ്ടാകും.

ആഗസ്ത് 27ന് ഉച്ചയ്ക്ക് ജലഘോഷയാത്രയും മത്സര വള്ളംകളിയും ആരംഭിക്കും. നിയമസഭാ സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി.അനില്‍കുമാര്‍ മാസ്ഡ്രില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. സി.കെ.സദാശിവന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ സമ്മാനദാനം നടത്തും.


കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

" മൌനത്തിന്‍ ഇടനാഴിയില്‍ "


ജോണ്‍സന്‍ മാഷ്‌. മലയാള ചലച്ചിത്ര ലോകത്തിനു മറ്റൊരു തീരാ നഷ്ടം കൂടി. രവീന്ദ്രന്‍, ലോഹിതദാസ്, മുരളി, രാജന്‍ പി ദേവ്, കൊച്ചിന്‍ ഹനീഫ, ഗിരീഷ്‌ പുതെഞ്ചേരി, എം. ജി. രാധാകൃഷ്ണന്‍ തുടങ്ങി ഒരിക്കലും നഷ്ടം നികത്താനാവാത്തവരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. മലയാള സിനിമയുടെ സുവര്‍ണ കാലഖട്ടം ആയിരുന്നു 80 കളും, 90 കളും. മികച്ച സംവിധായകരുടെ മികച്ച ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഗാനങ്ങളും, മനോഹരമായ സംഗീതവും. പുതിയ കാലഖട്ടത്തിലെ അടിച്ചുപൊളി പാട്ടുകള്‍ക്കിടയില്‍ വല്ലപ്പോഴും സ്രെവ്യ സുന്ദരമായ ഗാനങ്ങള്‍ ആസ്വതിക്കണമെങ്കില്‍ ജോണ്‍സന്‍ മാഷിന്റെയും, രവീന്ദ്രന്‍ മാഷിന്റെയും ഒക്കെ പാട്ടുകള്‍ കേള്‍ക്കണം. സംഗീതത്തിനു മനുഷ്യന്റെ മാനസികാവസ്ഥ തന്നെ മാറുവാന്‍ കഴിയുമെന്ന് തെളിയിച്ചതാണ് ജോണ്‍സന്‍. ഓ.എന്‍.വി, കൈതപ്രം, ഗിരീഷ്‌ പുത്തെഞ്ചേരി തുടങ്ങിയവരുമായി ചേര്‍ന്ന് ജീവന്‍ നല്‍കിയ മാസ്മര സംഗീതം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. എന്നെങ്കിലും ഒരിക്കല്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ രവീന്ദ്രന്‍ മാഷിന്റെയോ ജോണ്‍സന്‍ മാഷിന്റെയോ സംഗീതം ആയിരിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രെഹിച്ചിരുന്നു. രണ്ടു പേരും കാല യവനികക്കുള്ളില്‍ മറഞ്ഞു.

ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളിലെ നല്ല ഗാനങ്ങള്‍ എന്നെന്നും നിലനിര്‍ത്തികൊണ്ട്, മരണം, 'രംഗബോധമില്ലാത്ത കോമാളി' ആ വലിയ കലാകാരനെയും തട്ടിയെടുത്തു കൊണ്ട് പോയി. അടുത്ത കാലത്ത് അദ്ദേഹം ഈണം പകര്‍ന്ന ' ഗുല്‍മോഹര്‍' എന്ന ചിത്രത്തിലെ ഗാനം പോലെ.
“ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ”.

മെലഡിയുടെ പൂക്കാലം അസ്തമിച്ചു.
ആ വലിയ കലാകാരന് മലയാള മണ്ണിന്റെ ആദരാഞ്ജലികള്‍

2011, മേയ് 4, ബുധനാഴ്‌ച

അനുരഞ്ജന ചര്‍ച്ച


ഒരു കാര്യം പേഴ്‍സനലായിട്ടു ചോദിച്ചോട്ടെ..

അയ്യോ.. ഒന്നല്ല, എത്ര വേണമെങ്കിലും ചോദിച്ചോളൂ…

താന്‍ ശരിക്കും പാക്കിസ്ഥാന്‍കാരനാണോ ?

വാട്ട് ഡു യു മീന്‍ ?? ഞാന്‍ ഇന്ത്യന്‍ മന്ത്രിയാണ്…

പക്ഷെ, എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരേ താനിവിടെ അവതരിപ്പിച്ച പേപ്പര്‍ കണ്ടാല്‍ താന് പാക്കിസ്ഥാന്‍കാരനാണെന്നേ തോന്നൂ…

എപ്പോഴും വികസനത്തിനു മുന്‍തൂക്കം കൊടുക്കുന്ന കൂട്ടത്തിലാ ഞങ്ങള്‍…

പത്തു കാശു കിട്ടിയാല്‍ പെറ്റ തള്ളയെ കൂട്ടിക്കൊടുക്കുന്ന നാറികള്‍ ഇന്ത്യയിലുണ്ടെന്ന് കേട്ടിട്ടുണ്ട്.. ഈ ലെവല്‍ വരെയൊക്കെ അവരെത്തും എന്നു തീരെ കരുതിയില്ല…

എന്നുവച്ചാല്‍ ?

അത് ഒന്നുകൂടി വിശദീകരിച്ചാലേ മനസ്സിലാവൂ എന്നതാണ് ഞാനും താനുമൊക്കെ തമ്മിലുള്ള വ്യത്യാസം.. എനിവേ താന്‍ വിളിച്ച കാര്യം പറ..

അതേ.. നമ്മളൊക്കെ ഏഷ്യക്കാരല്ലേ… ഇങ്ങനൊരു പ്രശ്നത്തില്‍ നമ്മളൊന്നിച്ചു നില്‍ക്കണ്ടേ ?

സ്വന്തം രാജ്യത്തെ ജനങ്ങള്‍ നരകിച്ചു ചാവുന്നതിനു പുല്ലുവില കൊടുക്കാത്ത താനൊക്കെയാണോടോ ഏഷ്യന്‍ സെന്റിമെന്റ്സ് ഒലത്താന്‍ പോകുന്നത് ?

അടങ്ങു കോയാ … എന്‍ഡോസള്‍ഫാന്‍ നിങ്ങളുദ്ദേശിക്കുന്നതുപോലെ കുഴപ്പം പിടിച്ച ഒരു സാധനമല്ല…

അറിയാം.. ഞങ്ങളുദ്ദേശിക്കുന്നതിനെക്കാള്‍ കുഴപ്പങ്ങള്‍ അതിനുണ്ട് എന്നു മനസ്സിലായത് കേരളത്തില്‍ നിന്നുള്ള കേസുകള്‍ കണ്ടപ്പോഴാണ്…

അയ്യോ.. അതു മൈന്‍ഡ് ചെയ്യരുത്.. അതൊന്നും എന്‍ഡോസള്‍ഫാന്റെ കുഴപ്പമല്ല.. സത്യത്തില്‍ എന്‍ഡോസള്‍ഫാന്‍ അവിടെ യൂസ് ചെയ്തതിന്റെ കുഴപ്പമാണ്.. പനി വരുമ്പോള്‍ ക്രോസിന്‍ കഴിക്കാന്‍ പറഞ്ഞെന്നു കരുതി ക്രോസിന്‍ കൊണ്ട് ജൂസടിച്ചു കഴിച്ചിട്ട് ക്രോസിന്‍ നിരോധിക്കണം എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ ? അവിടുള്ള അലവലാതികള്‍ അതുപയോഗിച്ചതിന്റെ കുഴപ്പമാണ്..

എങ്കില്‍ സ്വന്തമായി ഉപയോഗിച്ചോളാന്‍ പറഞ്ഞ് നിങ്ങള്‍ അണുബോംബ് ജനങ്ങള്‍ക്ക് കൊടുക്കാത്തതെന്ത് ? നേരേ ചൊവ്വേ ഉപയോഗിച്ചില്ലെങ്കില്‍ അവരനുഭവിക്കട്ടേന്നു വച്ചാല്‍ പോരേ ?

എന്‍ഡോസള്‍ഫാനും അണുബോംബും തമ്മില്‍ കംപയര്‍ ചെയ്യരുത് കോയാ…

എന്‍ഡോസള്‍ഫാനും ക്രോസിനുമായി താനും തീരെ കംപയര്‍ ചെയ്യരുത്…

ഇതിപ്പോ നമ്മളവിടെയും ഇവിടെയുമായി നിന്ന് സംസാരിച്ചിട്ടു കാര്യമില്ല.. അനുരഞ്ജനമാണ് വേണ്ടത്…

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം…

നിങ്ങളു ചുമ്മാ കേരളാ സിഎമ്മിനെപ്പോലെ സംസാരിക്കല്ലേ…

ചൈനീസ് പിഎമ്മും അതു തന്നെയാണല്ലോ പറയുന്നത്..

ഇതിനു പകരം ഒരു മരുന്നെടുക്കാനില്ല കോയാ…

ഇതുപോലെ ഉപയോഗം ഒന്നു പാളിയാല്‍ അതിനും മരുന്നില്ല, തലമുറകളായിരിക്കും നരകിച്ചു ചാവുന്നത്…തന്റെയൊക്കെ വീട്ടിലുള്ളതും മനുഷ്യര് തന്നെയല്ലേടോ..

അല്ല ഞങ്ങള്‍ തലമുറകളായിട്ടു പ്രേതങ്ങളാ…

വെരി ഗുഡ്…

വെറുതെ ഉടക്കല്ലേ കോയാ.. നിരോധനത്തെ എതിര്‍ക്കണം..

ഉടക്കും, എതിര്‍ക്കും.. ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ അനുവദിച്ചു കൊടുത്തുകൂടാത്ത വിഷമാണത്..

ഓ പിന്നേ… ഇന്ത്യയെയും സമോവയെയും പോലുള്ള രാജ്യങ്ങള്‍…

അതേത് രാജ്യം ?

സമോവ.. കേട്ടിട്ടില്ലേ.. വളര്‍ന്നു വരുന്ന യുവരാജ്യമാ… എന്‍ഡസോള്‍ഫാന്‍ നിരോധനം വേണമെന്ന് അവര്‍ പറഞ്ഞില്ല, എന്താ കാരണം.. അവര്‍ക്കു വിവരമുണ്ട്..

കഷ്ടിച്ച് ഒന്നരലക്ഷം ആളുകള്‍ താമസിക്കുന്ന കൊച്ചുദ്വീപ് ആണത്… എന്‍ഡോസള്‍ഫാന്‍ എന്താണെന്നു പോലും അറിയാത്ത അവര്‍ എന്തിന് അതിനെ എതിര്‍ക്കണം..

നിങ്ങള്‍ക്കു പിന്നെ ഇതിലെന്താണു താല്‍പര്യം കോയാ.. ഗള്‍ഫില്‍ എന്താണുള്ളത്.. ഒട്ടകം പിന്നെ ഈന്തപ്പനേം.. ഈന്തപ്പനയ്‍ക്കൊന്നും എന്‍ഡോസള്‍ഫാന്റെ ആവശ്യമില്ല.. പിന്നെ നിങ്ങള്‍ക്കെന്തിന്റെ കൃമികടിയാണ് അതിനെ എതിര്‍ക്കാന്‍…

താനാ പറഞ്ഞ അസുഖത്തിനു തനിക്കു ചെലപ്പോ പറ്റും എന്‍ഡോസള്‍ഫാന്‍…

ശ്ശൊ.. ഇങ്ങനെ ഉടക്കിയാല്‍ ഇതെങ്ങുമെത്തില്ല.. ഈ ഗ്യാപ്പില്‍ നമ്മളെല്ലാം കോംപ്ലിമെന്‍റസാക്കണം കോയാ… പ്ലീസ് അതു നിരോധിക്കണമെന്നു വാശിപിടിക്കരുത്…ഞങ്ങള്‍ എന്തും തരാം..

എന്നു വച്ചാല്‍ ??

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നിങ്ങടെ രാജ്യത്തുണ്ടല്ലോ.. അവന്മാരുടെയെല്ലാം സ്വത്ത് കണ്ടുകെട്ടുവോ പാസ്‍പാര്‍ട്ട് പിടിച്ചുവയ്‍ക്കുവോ എന്താണെന്നു വച്ചാ ചെയ്തോ…ഞങ്ങടെ കഞ്ഞികുടി മുട്ടിക്കരുത്.. ലോകത്ത് ഈ സാധനം ഉണ്ടാക്കുന്നതിലും കയറ്റി അയക്കുന്നതും ഞങ്ങളാ നമ്പര്‍ വണ്‍…നിരോധനം വന്നാല്‍ എനിക്കു പിന്നെ തിരിച്ചവിടെ കാലു കുത്താനൊക്കില്ല…

നിരോധനം വന്നില്ലെങ്കിലും അവിടെ കാലു കുത്താന്‍ ജനം സമ്മതിക്കുവോ..

ജനത്തെയൊക്കെ നമുക്ക് ഒതുക്കാമെന്നേ.. ഒരു രക്ഷയുമില്ലെങ്കില്‍ വെടിവച്ചുകൊല്ലാം.. ബട്ട് മുതലാളീസ് ആന്‍ഡ് ഏജന്‍റ്സ്…

ജനകീയകലാപം ഉണ്ടായാല്‍ തന്റെയൊക്കെ തല തെറിക്കില്ലേ ?

ജനകീയ കലാപത്തിനും തീവ്രവാദി ആക്രമണത്തിനുമിടയില്‍ ഞങ്ങളൊരു ചെറിയ വരയേ ഇട്ടിട്ടുള്ളൂ… ആരുടെ തല തെറിക്കുമെന്നൊക്കെ നമുക്ക് കാണാം…

ഹസാരെ എന്നൊരാണ്ണന്റെ സമരം പോലും വിജയിച്ചല്ലോ…

അങ്ങേര് സമരം ചെയ്തു, അങ്ങേരെ പിടിച്ചു ഞങ്ങള്‍ കമ്മിറ്റീലിട്ടു.. കമ്മിറ്റിക്കകത്തിട്ട് പുള്ളിയെ ചക്രശ്വാസം വലിപ്പിക്കും.. ഈ ജനത്തെ കൊണ്ടു തന്നെ അങ്ങേരെ കല്ലെറിയിക്കും.. കളി കാണാന്‍ പോകുന്നതല്ലേയുള്ളൂ കോയാ..

എന്നാലും നിങ്ങള്‍ സോ കോള്‍ഡ് ജനാധിപത്യരാജ്യമായിട്ട് ജനങ്ങളുടെ അഭിപ്രായത്തിനെതിരായി തീരുമാനമെടുക്കുന്നത് തെറ്റല്ലേ ?

കോയാ, തനിക്കൊന്നും ജനാധിപത്യത്തെപ്പറ്റി ഒന്നുമറിയില്ല… ജനം ജനത്തിനിഷ്ടമുള്ളത് ചെയ്യുന്നു, ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുന്നു… അതല്ലേ ജനാധിപത്യം ?

താനെന്തെങ്കിലും ചെയ്യ്…ബട്ട് വിഷക്കച്ചവടം നടത്തി തുടര്‍ന്നു ജീവിക്കാമെന്ന മോഹം വേണ്ട… അത് പൊളിച്ചു കയ്യില്‍ തരാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്…

ഇതെങ്ങുമെത്തുന്നില്ലല്ലോ കോയാ… നമുക്കോരോ ചായേം കടീം ആവാം അല്ലേ ?

ഓ… പക്ഷെ, എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ല…

ബെയറര്‍… ഒരു ജൈവചായേം ഒരു ജൈവപരിപ്പുവടേം… പിന്നെ അങ്ങേര്‍ക്കെന്താന്നു വച്ചാല്‍ അതും..

അതെന്താടോ ജൈവ ചായേം വടേം ?

ഹൗ… എല്ലാത്തിലും വിഷമല്ലേടോ… തേയിലയാണെങ്കിലും പരിപ്പാണെങ്കിലുമൊക്കെ വിഷമല്ലേ വിഷം..നമ്മള്‍ സൂക്ഷിക്കാനുള്ളത് സൂക്ഷിച്ചില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ ?

(ഇടവേള)

--

2011, മേയ് 3, ചൊവ്വാഴ്ച

ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയില്‍

ന്യൂദല്‍ഹി: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ജനീവ സമ്മേളനം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയെ മറികടന്ന് കേരളം ലോകത്തിന്റെ നെറുകയിലെത്തി.
എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി മേധാവിയുമായി ഇന്ത്യയുടെ ഔദ്യോഗിക സംഘം നിരന്തരം കൂടിയാലോചന നടത്തിയത് കണ്ടുപിടിച്ച ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ ജനതയെ പ്രതിനിധാനംചെയ്യുന്നത് കേരളമാണെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക നിലപാട് ജനങ്ങളെ പ്രതിനിധാനംചെയ്യുന്നതല്ലെന്നും ഇന്ത്യ വിതരണം ചെയ്ത കരട് പ്രസ്താവന തള്ളിക്കളയണമെന്നും പകരം കേരളം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനതയുടെ ആവശ്യമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ മുന്നോട്ടുവന്നു. അതോടെ ജനീവയില്‍ പങ്കെടുത്ത മുഴുവന്‍ രാജ്യങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി കേരളത്തിന്റെ പ്രതിനിധികള്‍ മാറി.
കേരളം നടത്തിയ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രതിനിധികള്‍ നിരോധം ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള നിരീക്ഷകരായ ഡോ. മുഹമ്മദ് അശീലിനെയും ഡോ. ജയകുമാറിനെയും സമാശ്വസിപ്പിക്കുകയും ചെയ്തു.
ഇതിനിടയിലാണ് കേരളം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി ചോദിച്ച് ഇറാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം രാജ്യങ്ങള്‍ അവെര സമീപിച്ചത്. റിപ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പികളെടുത്ത് ഇന്ത്യന്‍ ജനതയുടെ ആവശ്യമിതാണെന്ന് പ്രഖ്യാപിച്ച് പരസ്യമായി അവര്‍ വിതരണം ചെയ്തു.
ആധികാരികമല്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും തള്ളിയ ഈ റിപ്പോര്‍ട്ട് അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച റിപ്പോര്‍ട്ടായി മാറുകയായിരുന്നു.
കേരളത്തില്‍നിന്ന് സര്‍വകക്ഷി സംഘം വന്നപ്പോള്‍ പ്രധാനമന്ത്രിക്ക് പെട്ടെന്ന് കാര്യം ഗ്രഹിക്കാന്‍ കേരളം നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍നിന്ന് ലഭിച്ച വിവരങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളും കൂട്ടിച്ചേര്‍ത്തതായിരുന്നു ഈ സംക്ഷിപ്ത റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ ഉപവാസ സമരവും അതിന് കേരളീയര്‍ ഒന്നടങ്കം നല്‍കിയ പിന്തുണയും 'ലൈവാ'യി കണ്ട സമ്മേളന പ്രതിനിധികള്‍ക്ക് ഈ റിപ്പോര്‍ട്ടില്‍ സംശയിക്കാനൊന്നുമില്ലായിരുന്നു. പ്രചാരണം കുറിക്കു കൊണ്ടതിന്റെ തെളിവായിരുന്നു നിരോധം ചര്‍ച്ചചെയ്ത ഉപസമിതിയുടെ അധ്യക്ഷ ഹല കേരള സര്‍ക്കാറിനെ ഔദ്യോഗികമായി പ്രതിനിധാനംചെയ്ത ആരോഗ്യ വകുപ്പിലെ ഡോ. മുഹമ്മദ് അശീലിനെ പ്രത്യേകം കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.

2011, ഏപ്രിൽ 27, ബുധനാഴ്‌ചഎന്ടോസള്‍ഫാന്‍ നിരോധിക്കാത്തത് ആര്ക് വേണ്ടി ???

ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ കാര്‍ന്നു തിന്നു കഴിഞ്ഞു, നിരവധി ജീവിക്കുന്ന രക്ത സാക്ഷികള്‍, എന്തിനു പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ദുരിതം അനുഭവിക്കേണ്ടി വരും, എന്നിട്ടും അധികാരവര്‍ഗതിന്റെ കണ്ണുകള്‍ തുറക്കാത്തതെന്തേ, എന്ടോസള്‍ഫാന്‍ എന്ന മാരക വിഷത്തെ നിരോധിക്കാന്‍ ആവശ്യമായ നടപടി എടുക്കുന്നതിനു പകരം കോര്‍പ്പറേറ്റ് ലോബ്ബികളെ സംരക്ഷിക്കുന്നു. 


നിരവധി പഠനങ്ങള്‍ ഈ മരകവിഷത്തിന്റെ വ്യാപ്തി തെളിയിച്ചു കഴിഞ്ഞു. ജെനീവ ഉച്ചകോടിയില്‍ അമേരിക്കയും, യൂറോപിയന്‍ രാജ്യങ്ങളും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ മാരക വിഷം നിരോധിക്കണം എന്ന് ആവശ്യപെട്ടിട്ടും ഇന്ത്യ  നിരോധനത്തെ എതിര്‍ക്കുന്നു, നിരവധി മനുഷ്യ ജീവനുകള്‍ ഇനിയും കുരുതി കൊടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്നു. ആര്‍ക്കു വേണ്ടി ? എന്തിനു വേണ്ടി ? അധികാരത്തിന്റെയും പനതിന്റെറെയും തിമിരം ബാധിച്ച കണ്ണുകള്‍ക്ക്‌ ഇനി എന്ത് ചികിത്സ ആണ് നല്‍കേണ്ടത് ?