2010, നവംബർ 3, ബുധനാഴ്‌ച

കരിങ്കാലി

ഇറ്റാലോ കാല്‍വിനോ
എല്ലാവരും കള്ളന്മാരായിരുന്ന ഒരു നാടുണ്ടായിരുന്നു.

രാത്രിയാകുമ്പോള്‍ സകലരും കള്ളത്താക്കോലും മറച്ച റാന്തലുമായി വീടു വിട്ടിറങ്ങി അയല്‍ക്കാരന്റെ വീടു കുത്തിത്തുറക്കാന്‍ പോവും. കവര്‍ച്ചമുതലുമായി പുലര്‍ച്ചയ്ക്കു മടങ്ങി വരുമ്പോള്‍ സ്വന്തം വീടുകള്‍ കുത്തിത്തുറന്നതായി അവര്‍ കാണുകയും ചെയ്യും.

അങ്ങനെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചുപോന്നു; കാരണം ഒരാള്‍ മറ്റൊരാളില്‍ നിന്നു മോഷ്ടിക്കുമ്പോള്‍, ഈ മറ്റൊരാള്‍ ഇനിയുമൊരാളുടെ മുതലു മോഷ്ടിക്കുകയും, അങ്ങനെ പോയിപ്പോയി ഒടുവിലത്തെയാളിന്റെയടുത്തെത്തുമ്പോള്‍ അയാള്‍ ആദ്യത്തെയാളിന്റെ വീട്ടില്‍ കക്കാന്‍ കയറുകയുമാണ്. ആ നാട്ടിലെ കച്ചവടം എന്നാല്‍ വാങ്ങുന്നവനും വില്‍ക്കുന്നവനും തമ്മിലുള്ള ഒരു കള്ളക്കളിയായിരുന്നു. സര്‍ക്കാരെന്നു പറയുന്നത്, സ്വന്തം ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു ക്രിമിനല്‍ സംവിധാനമായിരുന്നു; തിരിച്ച് ജനങ്ങളാവട്ടെ, സര്‍ക്കാരിനെ പറ്റിയ്ക്കുകയും ചെയ്തുപോന്നു. അങ്ങനെ അക്ലിഷ്ടസുന്ദരമായി മുന്നോട്ടു പോവുകയായിരുന്നു ജീവിതം; ആരും പണക്കാരായിരുന്നില്ല, പാവങ്ങളെന്നു പറയാനും ആരുമില്ല.

ഒരു ദിവസം, ഇതെങ്ങനെ സംഭവിച്ചുവെന്ന് നമുക്കറിയില്ല, സത്യസന്ധനായ ഒരാള്‍ ആ നാട്ടില്‍ താമസമാക്കി. രാത്രിയില്‍ മറ്റുള്ളവരെപ്പോലെ ചാക്കും റാന്തലുമെടുത്ത് പുറത്തു പോകുന്നതിനു പകരം ഇദ്ദേഹം പുകവലിയും നോവല്‍വായനയുമായി വീട്ടില്‍ കുത്തിയിരിക്കുകയാണു ചെയ്തത്.

കള്ളന്മാര്‍ വന്നപ്പോള്‍ വീട്ടിനുള്ളില്‍ വെളിച്ചം കണ്ട് കയറാതെ മടങ്ങിപ്പോയി.

ഇങ്ങനെ കുറേ നാളായപ്പോള്‍ അവര്‍ അയാള്‍ക്കു കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു: ഒന്നും ചെയ്യാതെ ജീവിക്കാനാണ് അയാള്‍ക്കാഗ്രഹമെങ്കില്‍ അങ്ങനെയായിക്കോ, പക്ഷേ മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുന്നതിന് അതൊരു തടസ്സമാകുന്നതില്‍ യുക്തി പോരാ. അയാള്‍ വീട്ടിലുണ്ടാവുന്ന ഓരോ ദിവസവും കൊണ്ടര്‍ത്ഥമാകുന്നത് അടുത്ത നാള്‍ ഒരു കുടുംബം പട്ടിണിയായിരിക്കുമെന്നു തന്നെയാണ്.

ആ യുക്തിവിചാരത്തിനു മുന്നില്‍ നമ്മുടെ സത്യസന്ധനു മറുപടിയൊന്നും പറയാനുണ്ടായില്ല. അങ്ങനെ അയാള്‍ എന്നും വൈകിട്ട് സ്വന്തം വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നതൊരു ശീലമാക്കി; പിറ്റേന്നു കാലത്ത് മറ്റുള്ളവരെപ്പോലെ അയാള്‍ മടങ്ങിവരും; പക്ഷേ അയാള്‍ മോഷ്ടിക്കാന്‍ പോയില്ല. അയാള്‍ ഒരു നേരുകാരന്‍ മനുഷ്യനാണ്; അതങ്ങനെയല്ലാതാക്കാന്‍ നിങ്ങള്‍ വിചാരിച്ചാല്‍ പറ്റില്ല. അയാള്‍ പാലം വരെ ചെന്നിട്ട് താഴെ പുഴയൊഴുകുന്നതും നോക്കിനില്‍ക്കും. തന്റെ സാധനങ്ങള്‍ മോഷണം പോയതായി വീട്ടിലെത്തുമ്പോള്‍ അയാള്‍ കാണുകയും ചെയ്യും.

ഒരാഴ്ച കഴിയേണ്ട താമസം, സത്യസന്ധന്റെ കൈയില്‍ നയാപ്പൈസ ഇല്ലാതായി; ആഹാരത്തിനു വകയില്ല, വീടു ശൂന്യവുമായി. പക്ഷേ അതൊരു പ്രശ്‌നമാണെന്നു പറയാനില്ല; കാരണം, അയാളുടെ പിശകു കൊണ്ടു വന്നതാണങ്ങനെ; അതല്ല, അയാളുടെ ഈ പെരുമാറ്റം കൊണ്ട് മറ്റു സകലതും തകിടം മറിഞ്ഞു എന്നതാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നമായത്. മറ്റുള്ളവര്‍ക്കു തന്റെ വീടു മോഷണത്തിനു വിട്ടുകൊടുക്കുന്ന ഈയാള്‍ തിരിച്ചു മോഷ്ടിക്കാന്‍ പോകുന്നില്ലല്ലോ; അതുകാരണം കാലത്തു വീട്ടിലെത്തുന്ന ആരെങ്കിലും ഒരാള്‍ കാണുന്നത് തന്റെ വീട്ടില്‍ കള്ളന്‍ കയറിയിട്ടില്ലെന്നാണ്: ഇദ്ദേഹം കക്കാന്‍ പോകേണ്ട വീടാണത്. എന്തായാലുമിങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോള്‍ കള്ളന്‍ കയറാത്ത വീട്ടുകാര്‍ ചിലര്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ പണക്കാരാണെന്നു കണ്ടു; ഇനി കക്കാന്‍ പോകാന്‍ അവര്‍ക്കു താത്പര്യവുമില്ലാതായി. അതും പോകട്ടെ, സത്യസന്ധന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നവര്‍ക്ക് ഒന്നുമില്ലാത്ത ആ വീട്ടില്‍ നിന്ന് എന്തു കിട്ടാന്‍? അങ്ങനെ അവര്‍ പാവങ്ങളായി.

ഇതിനിടയില്‍ പണക്കാരായവര്‍ സത്യസന്ധന്റെ മാതൃക പിന്തുടര്‍ന്ന് രാത്രിയില്‍ പാലത്തിനടുത്തു ചെന്ന് താഴെ പുഴയൊഴുകുന്നതും നോക്കി നില്‍ക്കുക ശീലവുമാക്കി. അതോടെ ആകെ ആശയക്കുഴപ്പമായി; കൂടുതല്‍ പേര്‍ പണക്കാരാവുകയും കൂടുതല്‍ പേര്‍ പാവങ്ങളാവുകയും ചെയ്യുകയാണല്ലോ ഇതുകൊണ്ടു വരിക.

എന്നും രാത്രിയില്‍ പാലം കാണാന്‍ പോവുകയാണെങ്കില്‍ അധികം വൈകാതെ തങ്ങള്‍ പാവങ്ങളാവുമെന്ന് പണക്കാര്‍ മനസ്സിലാക്കി. അവര്‍ ആലോചിച്ചു: 'നമുക്കു വേണ്ടി കക്കാന്‍ പോകാന്‍ ചില പാവങ്ങളെ ഏര്‍പ്പാടാക്കിയേക്കാം.' അങ്ങനെ അവര്‍ കരാറുകളുണ്ടാക്കി, ശമ്പളവും വിഹിതവും നിശ്ചയിച്ചു. അപ്പോഴും അവര്‍ കള്ളന്മാരായിരുന്നുവെന്നതു ശരി തന്നെ; അന്യോന്യം കബളിപ്പിക്കാന്‍ അവര്‍ ശ്രമിച്ചും പോന്നു. എന്തായാലും പണക്കാര്‍ കൂടുതല്‍ പണക്കാരായി, പാവങ്ങള്‍ കൂടുതല്‍ പാവങ്ങളുമായി.

ഈ പണക്കാരില്‍ ചിലര്‍ അത്രയ്ക്കു പണക്കാരായി; എന്നു പറഞ്ഞാല്‍ അവര്‍ക്കു പിന്നെ കക്കാന്‍ പോകേണ്ട ആവശ്യവുമില്ല, തങ്ങള്‍ക്കു വേണ്ടി കക്കാന്‍ പോകാന്‍ ആരെയെങ്കിലും ഏര്‍പ്പെടുത്തേണ്ട ആവശ്യവുമില്ല. പക്ഷേ മോഷണം നിര്‍ത്തിയാല്‍ അവര്‍ പാവങ്ങളാവും, കാരണം പാവങ്ങള്‍ അവരുടെ മുതല്‍ മോഷ്ടിക്കുന്നുണ്ടല്ലോ. അങ്ങനെ പാവങ്ങളില്‍ നിന്നു സ്വന്തം സ്വത്തു കാത്തുസൂക്ഷിക്കാനായി അവര്‍ ഏറ്റവും പാവപ്പെട്ടവരെ ശമ്പളം കൊടുത്തു നിയമിച്ചു; അതിനര്‍ത്ഥം പോലീസും ജയിലും ഉണ്ടായി എന്നുതന്നെ.

അങ്ങനെയാണ് നമ്മുടെ സത്യസന്ധന്‍ ആവിര്‍ഭവിച്ച് അധികവര്‍ഷങ്ങള്‍ കഴിയുന്നതിനു മുമ്പ് ആളുകള്‍ മോഷ്ടിക്കാന്‍ പോകുന്നവരെയും മോഷണത്തിനിരയാവുന്നവരെയും കുറിച്ചു പറയുന്നതു നിര്‍ത്തി പണക്കാരെയും പാവങ്ങളെയും കുറിച്ചു പറയാന്‍ തുടങ്ങുന്നത്; രണ്ടുകൂട്ടരും പക്ഷേ അപ്പോഴും കള്ളന്മാരുമായിരുന്നു.

ഒരേയൊരു സത്യസന്ധന്‍ തുടക്കത്തില്‍ നാം കണ്ടയാളു മാത്രമായിരുന്നു; അയാള്‍ വൈകാതെ വിശന്നുചാവുകയും ചെയ്തു.

(വിവര്‍ത്തനം:വി.രവികുമാര്‍)

kadappad - mathrubhumi