2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ബര്‍മുഡ ത്രികോണത്തിന്റെ നിഗൂഢത നീങ്ങുന്നു

ലണ്ടന്‍: ബര്‍മുഡ ത്രികോണത്തെ ചുറ്റിയുള്ള നിഗൂഢത നീക്കിക്കൊണ്ട്, ഇവിടെയുണ്ടായ വിമാനാപകടങ്ങളില്‍ രണ്ടെണ്ണത്തിന്റെകൂടി കാരണം വെളിപ്പെട്ടു. 1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. വ്യോമയാന സാങ്കേതിക വിദ്യ ഇത്രത്തോളം വികസിച്ചിട്ടില്ലാത്ത കാലത്തുണ്ടായ മറ്റ് അപകടങ്ങള്‍ക്കും ഇതുപോലുള്ള കാരണങ്ങള്‍ കണ്ടെത്താനാവുമെന്നാണ് ബി.ബി.സി. സംഘത്തിന്റെ നിഗമനം.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ വടക്ക് ബര്‍മുഡയ്ക്കും ഫേ്‌ളാറിഡയ്ക്കും പ്യൂട്ടോറിക്കയ്ക്കുമിടയിലുള്ള സമുദ്ര ഭാഗമാണ് ബര്‍മുഡ ത്രികോണമെന്ന് അറിയപ്പെടുന്നത്. ഇതുവഴിപോയ പല കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമായതോടെ ഈ സാങ്കല്പിക ത്രികോണം നിഗൂഢ മേഖലയായി വാര്‍ത്തകളിലും കഥകളിലും നിറഞ്ഞു. അമാനുഷിക ശക്തികളുടെ പ്രവര്‍ത്തനഫലമാണ് അപകടങ്ങളെന്ന് വ്യാഖ്യാനമുണ്ടായി. കാന്തികശക്തിയും കടല്‍ക്ഷോഭവും അപകടകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു. കഥകളില്‍ ഈ സമുദ്രഭാഗം ഭീകരഭാവം പൂണ്ടു.

ബര്‍മുഡ ത്രികോണത്തില്‍ അപ്രത്യക്ഷമായ വിമാനങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണത്തിനു പിന്നിലെ ദുരൂഹതയാണ് ബി.ബി.സി. അന്വേഷണത്തില്‍ നീങ്ങുന്നത്. 1948 ജനവരി 30ന് ബ്രിട്ടീഷ് സൗത്ത് അമേരിക്കന്‍ എയര്‍വെയ്‌സിന്റെ ആവ്‌റോ ട്യൂഡര്‍ ഫോര്‍ വിമാനം കടലില്‍ വീണ് 30 പേരാണ് മരിച്ചത്. മൃതദേഹങ്ങളോ വിമാനാവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. 1949 ജനവരി 17നുണ്ടായ രണ്ടാമത്തെ അപകടത്തില്‍ 21 പേര്‍ മരിച്ചു.

നേരത്തേ തന്നെ സാങ്കേതികത്തകരാറുകളുണ്ടായിരുന്ന ആദ്യ വിമാനം നന്നെ താഴ്ന്നാണ് പറന്നിരുന്നതെന്നും വഴിമധ്യേയുണ്ടായ എന്തോ പ്രശ്‌നം കാരണം ഇത് കടലിലേക്ക് കൂപ്പുകുത്തിയതാകാമെന്നുമാണ് ബി.ബി.സി. കണ്ടെത്തിയത്. രൂപകല്പനയില്‍ത്തന്നെ പിഴവുകളുണ്ടായിരുന്ന രണ്ടാമത്തെ വിമാനം ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നിരിക്കാം എന്നാണ് നിഗമനം.

അപകടങ്ങളുടെ കാരണം കണ്ടെടുത്താനാവാത്ത അന്നത്തെ അന്വേഷണസംഘം മറ്റെന്തോ ആവാം അതിനു പിന്നിലെന്ന് അഭിപ്രായപ്പെട്ടിരിക്കാം. ഇതാണ് ബര്‍മുഡ ത്രികോണത്തിലെ അപകടങ്ങള്‍ക്കു പിന്നില്‍ നിഗൂഢ ശക്തികളാണെന്ന് കഥ പരക്കാന്‍ കാരണമെന്ന് ബി.ബി.സി. സംഘം അഭിപ്രായപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ