2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ജതിന് അന്താരാഷ്ട്ര അംഗീകാരം

തൃശ്ശൂര്‍: ചന്ദ്രന്റെ മനോഹരദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ തൃശ്ശൂര്‍ സ്വദേശിയായ ബാലന് അന്താരാഷ്ട്രപുരസ്‌കാരം. യങ് അസ്‌ട്രോണമി ഫോട്ടോഗ്രാഫര്‍ 2009 മത്സരത്തില്‍ 16ന് താഴെയുള്ളവരുടെ വിഭാഗത്തില്‍ മൂന്നാംസ്ഥാനം നേടി ജതിന്‍ പ്രേംജിത്താണ് രാജ്യത്തിന്റെ അഭിമാനമായത്. ലണ്ടനിലെ ഗ്രീന്‍വിച്ച് റോയല്‍ ഒബ്‌സര്‍വേറ്ററി, ബി.ബി.സി. സൈ്ക അറ്റ് നൈറ്റ് മാഗസിനുമായി ചേര്‍ന്ന് നടത്തിയ മത്സരത്തിലാണ് പുരസ്‌കാരം. തൃശ്ശൂര്‍ കണ്ണംകുളങ്ങര വലിയവളപ്പില്‍ പ്രേംജിത്ത് നാരായണന്റെ മകനാണ്.വിവിധവിഭാഗങ്ങളിലായുള്ള പുരസ്‌കാരജേതാക്കളില്‍ ഏക ഇന്ത്യക്കാരനും ജതിന്‍ തന്നെ. ഗലീലിയോ ടെലിസേ്കാപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയത്തിന്റെ 400-ാം വര്‍ഷത്തില്‍ യുനസ്‌ക്കോയുടെ അംഗീകാരത്തോടെയാണ് മത്സരം നടത്തിയത്. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരം.13 വയസ്സുകാരനായ ജതിന്റെ ചിത്രം 'നമ്മുടെ ഉപഗ്രഹത്തിന്റെ മനോഹരദൃശ്യം' എന്നാണ് ജൂറി വിശേഷിപ്പിച്ചത്. 400 വര്‍ഷമായി മനുഷ്യന്റെ ഭാവനയിലും കാഴ്ചയിലും വിരിഞ്ഞ ചാന്ദ്രദൃശ്യങ്ങളുമായി ഈ മനോഹരചിത്രത്തിനുള്ള സാദൃശ്യവും അവര്‍ എടുത്തുപറയുന്നു.

ഏപ്രിലില്‍ ബഹ്‌റിനില്‍ നടന്ന ഫോര്‍മുല - വണ്‍ - കാറോട്ടമത്സരത്തില്‍നിന്ന് ജതിന്‍ എടുത്ത ചിത്രം കാനന്‍ ഫോട്ടോ പ്ലസ് ഫോട്ടോഗ്രാഫി മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. 250-300 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന കാറിന്റെ ചിത്രം മനോഹരമായി പകര്‍ത്തിയ ബാലന് അന്ന് വിവിധകേന്ദ്രങ്ങളില്‍നിന്ന് പ്രശംസ ലഭിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ