2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ചാവുകടല്‍ ചാവുന്നു

ജറുസലേം: ഇസ്രായേലിനെ ദുഃഖത്തിലാഴ്ത്തി, ചാവുകടല്‍ മരണത്തിലേക്കു നീങ്ങുന്നു. വര്‍ഷം മൂന്നടി എന്നതോതില്‍ ഈ കടലിലെ ജലനിരപ്പ് താണുകൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 422.83 മീറ്റര്‍ താഴെയാണിപ്പോള്‍ ചാവുകടല്‍. കടല്‍ വറ്റാന്‍ തുടങ്ങിയതോടെ വിനോദസഞ്ചാരികള്‍ തീരംവിട്ടുപോയിത്തുടങ്ങി.

കിഴക്ക് ജോര്‍ദാനും പടിഞ്ഞാറ് ഇസ്രായേലും വെസ്റ്റ് ബാങ്കും അതിരിടുന്ന ഈ ഉപ്പുതടാകം വറ്റുന്നതിന്റെ വേഗം ഓരോവര്‍ഷവും കൂടിവരികയാണ്. ജോര്‍ദാന്‍ നദി ഒഴുകിച്ചെന്നു ചേരുന്നത് ഇതിലാണ്. ഉപ്പിന്റെ സാന്ദ്രത വളരെയേറെയുള്ള ചാവുകടലില്‍ കിടന്നാല്‍ മുങ്ങിപ്പോവില്ല. ജലജീവികള്‍ക്കിതില്‍ ജീവിക്കാനും പറ്റില്ല. അതുകൊണ്ടാണതിന് ചാവുകടലെന്നു പേരുവന്നത്. എന്നാലിപ്പോള്‍ പേര് അന്വര്‍ഥമാക്കിക്കൊണ്ട് ചാവുകടല്‍ തന്നെ ചാവുകയാണ്.

വര്‍ഷം നൂറുകോടി ഘനമീറ്റര്‍ വെള്ളമാണ് ജോര്‍ദാന്‍ നദിയിലൂടൊഴുകി ചാവുകടലിലെത്തിയിരുന്നത്. ഇതിന്റെ പത്തുശതമാനം മാത്രമേ ഇന്ന് കടലിലെത്തുന്നുള്ളൂ. നദിയൊഴുകുന്ന വഴികളില്‍ തടയണകെട്ടി ഇസ്രായേലും ജോര്‍ദാനും പലസ്തീനും വെള്ളം പങ്കിട്ടെടുത്തതോടെയാണ് കടലിലെത്തേണ്ട വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞതും ചാവുകടലിന്റെ ദുരന്തത്തിന് വേഗമേറിയതും.

കഴിഞ്ഞ 33 വര്‍ഷത്തിനിടെ ചാവുകടലിലെ ജലനിരപ്പ് 25 മീറ്ററാണ് താണത്. കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രതിവര്‍ഷം ഒരു മീറ്റര്‍ എന്ന കണക്കിലാണ് ജലനിരപ്പ് കുറഞ്ഞതെങ്കില്‍ ഇപ്പോഴത് പ്രതിവര്‍ഷം 1.29 മീറ്ററാണ്. ജൂലായില്‍ കടല്‍ നിരപ്പ് 19 സെന്റി മീറ്റര്‍ താണു. ആഗസ്തില്‍ 18 സെന്റീമീറ്ററും.

ശുദ്ധജലമൊഴുക്കി കടലിനെ വറ്റാതെ നിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും 1960-കള്‍ മുതല്‍ ഈ വെള്ളം കുടിവെള്ള സംഭരണിയിലേക്ക് തിരിച്ചുവിടാന്‍ തുടങ്ങി. ഇന്ന് ചാവുകടലിലേക്കൊഴുകിയെത്തുന്നത് ഓടവെള്ളവും ജോര്‍ദാന്‍ നദിയിലുടനീളമുള്ള മീന്‍പിടിത്ത സ്ഥലങ്ങളിലെ അവശിഷ്ടവും മാത്രം. കടലിനടിയില്‍ സുലഭമായ ധാതുക്കളുടെ ഖനനം ഇതിന്റെ ബാഷ്പീകരണത്തോത് കൂട്ടി.

ചാവുകടലിന് മരണമണി മുഴങ്ങുന്നത് പ്രാദേശിക ഭരണകൂടങ്ങള്‍ കേട്ടുതുടങ്ങി. ചെങ്കടലില്‍ നിന്ന് വെള്ളം കരിങ്കടലില്‍ നിറയ്ക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള സാധ്യതാപഠനത്തില്‍ ലോകബാങ്കില്‍ നിന്ന് ഇവര്‍ ധനസഹായം നേടിക്കഴിഞ്ഞു. എന്നാല്‍ ചാവുകടലിനും കരിങ്കടലിനുമിടയില്‍ ഇത്തരത്തിലൊരു ചാല്‍ ഉണ്ടാക്കുന്നതിനു പകരം മറ്റെന്തെങ്കിലും മാര്‍ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതിവാദികള്‍ രംഗത്തെത്തിക്കഴിഞ്ഞു. 1967ല്‍ ചാവുകടല്‍ തീരത്തെത്തി അവിടെ വളര്‍ന്ന് ഇന്ന് ചാവുകടല്‍ പ്രാദേശിക കൗണ്‍സിലിന്റെ വക്താവായ ഗുര ബെര്‍ഗര്‍ കടലിന്റെ ഇഞ്ചിഞ്ചായുള്ള മരണത്തിന് സാക്ഷിയാണ്. ഒരു പദ്ധതിയും നടപ്പാകാനിടയില്ലെങ്കില്‍ കണ്ണീര്‍കൊണ്ട് കടല്‍ നിറയേ്ക്കണ്ടിവരുമെന്നാണ് ബെര്‍ഗര്‍ പറഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ