2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മറഞ്ഞുപോയ അത്ഭുത ജീവികള്‍

 എന്നന്നേക്കുമായി വംശമറ്റുപോയ ഒട്ടേറെ ജീവികളുണ്ട് ചരിത്രത്തില്‍. ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ചില അത്ഭുതജീവികളെ നമ്മളിന്ന് ചലച്ചിത്രങ്ങളില്‍ പുനരാവിഷ്‌ക്കരിക്കുന്നു. ചരിത്രാതീതകാലത്ത് സംഭവിച്ച അത്തരം നഷ്ടങ്ങള്‍ക്കൊപ്പം, ഡോഡൊ, സുവര്‍ണ തവള തുടങ്ങി ആധുനികമനുഷ്യന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായ ജീവികളുമുണ്ട്. അവയെയൊന്നും ആര്‍ക്കുമിനി കാണാനാവില്ലെന്നത് എത്ര സങ്കടകരമാണ്. ജീവലോകം നേരിടുന്ന ഭീഷണിക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പുകളാണ് അന്യംനിന്ന ഓരോ ജീവിയും. ആ മുന്നറിയിപ്പുകളില്‍ നിന്ന് മനുഷ്യന്‍ എന്തെങ്കിലും പഠിക്കുമോ എന്നതാണ് പ്രശ്‌നം. വംശനാശം സംഭവിച്ച ചില ജീവികളെ ഇവിടെ പരിചയപ്പെടുക.


1. ടൈനോസറസ് റെക്‌സ് (Tyrannosaurus Rex): ആറര കോടി വര്‍ഷം മുമ്പ്, ജുറാസിക് യുഗത്തിന്റെ അവസാനം ഈ ജീവി ലോകത്തുനിന്ന് അപ്രത്യക്ഷമായി. കരയില്‍ ജീവിച്ചിരുന്ന മാംസഭുക്കുകളില്‍ എക്കാലത്തേയും ഏറ്റവും വലിയ ജീവികളിലൊന്നാണ് ടി. റെക്‌സ്-43.3 അടി നീളം, 16.6 അടി ഉയരം, ഏതാണ്ട് ഏഴ് ടണ്‍ ഭാരം! ക്രിറ്റേഷ്യസ്-ടെര്‍ഷ്യറി കാലത്തെ കൂട്ടവംശനാശം വരെ ഇവ നിലനിന്നു. ഏതാണ്ട് 30 ടി.റെക്‌സ് ഫോസിലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലവ പൂര്‍ണരൂപത്തിലുള്ളതാണ്.


2. ക്വാഗ്ഗ (Quagga): ആഫ്രിക്കയുടെ ചരിത്രത്തില്‍, വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ ജീവി. പകുതി വരയന്‍ കുതിരയും പകുതി കുതിരയും എന്ന് പറയാവുന്ന ബാഹ്യരൂപമായിരുന്നു ക്വാഗ്ഗയുടേത്. 1883-ഓടെ അന്യംനിന്നു. ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ ഒരു കാലത്ത് സുലഭമായിരുന്ന ജീവിയാണിത്. മനുഷ്യന്‍ വേട്ടയാടി കൊല്ലുകയായിരുന്നു. മാംസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വ്യാപകമായി കൊന്നൊടുക്കി. 1870-കളോടെ വേട്ട പൂര്‍ത്തിയായി. കൂട്ടില്‍ അവശേഷിച്ച അവസാനത്തെ ക്വാഗ്ഗ, 1883 ആഗസ്ത് 12-ന് ചത്തതോടെ ആ വര്‍ഗത്തിന്റെ തിരോധാനം പൂര്‍ത്തിയായി.


3. തൈലാസിന്‍ (Thylacine): 'ടാസ്മാനിയന്‍ കടുവ' എന്നും അറിയപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1936-ഓടെ അവസാനിച്ചു. ഓസ്‌ട്രേലിയയിലും ന്യൂ ഗിനിയിലും കാണപ്പെട്ടിരുന്ന ജീവിയാണിത്. യൂറോപ്യന്‍ ജനത കുടിയേറുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ ഈ ജീവിവര്‍ഗം, ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് അപ്രത്യക്ഷമായി. രാജ്യത്തിന്റെ ഭാഗമായ ടാസ്മാനിയ ദ്വീപില്‍ മാത്രമാണ് ഇവ അവശേഷിച്ചത്. വ്യാപകമായ വേട്ടയുടെ ഫലമായി ഈ ജീവിവര്‍ഗം അസ്തമിക്കുകയായിരുന്നു. അതോടോപ്പം ഇവയുടെ പാര്‍പ്പിട മേഖലകള്‍ മനുഷ്യന്‍ കൈയടക്കിയതും, നായകളുടെ വരവും, രോഗങ്ങളുമെല്ലാം ടാസ്മാനിയന്‍ കടുവയുടെ അന്ത്യത്തിന് ആക്കംകൂട്ടി.4. സ്‌റ്റെല്ലാര്‍സ് കടല്‍പ്പശു (Steller's Sea Cow): ബെറിങ് കടലില്‍ ഏഷ്യാറ്റിക് തീരപ്രദേശത്ത് കഴിഞ്ഞിരുന്ന ഈ ജീവിയെ ആദ്യമായി കണ്ടെത്തുന്നത് പ്രകൃതിശാസ്ത്രജ്ഞനായ ജോര്‍ജ് സ്‌റ്റെല്ലാര്‍ ആണ്; 1741-ല്‍. ഈ കടല്‍പ്പശു 25.9 അടി നീളം വരെ വളരുന്നവയായിരുന്നു, മൂന്ന് ടണ്‍ വരെ ഭാരവും ഉണ്ടാകുമായിരുന്നു. വലിയ സീലിനെ അനുസ്മരിപ്പിക്കുന്ന ആകൃതിയായിരുന്നു ഇവയുടേത്. പ്രാചീനകാലത്ത് വടക്കന്‍ പെസഫിക് തീരപ്രദേശത്താകെ ഇവ കാണപ്പെട്ടിരുന്നുവെന്ന് ഫോസില്‍ തെളിവുകള്‍ പറയുന്നു. എന്നാല്‍, ഇവയെ തിരിച്ചറിയുന്ന കാലത്ത് ചെറിയൊരു പ്രദേശത്തായി ഇവ ചുരുങ്ങിയിരുന്നു. 1768-ഓടെ ഈ ജീവിവര്‍ഗം അന്യംനിന്നു. ഇവയുടെ പാര്‍പ്പിട മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുവരവാണ്, നാശത്തിന് വഴിവെച്ചതെന്നാണ് നിഗമനം.


5. ഐറിഷ് മാന്‍ (Irish Deer): ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ മാന്‍. 'ഭീമന്‍ മാന്‍' (Giant Deer) എന്നും ഇവയ്ക്ക് പേരുണ്ട്. 7700 വര്‍ഷം മുമ്പ് വംശനാശം നേരിട്ടു. 'ലേറ്റ് പ്ലീസ്റ്റോസീന്‍' കാലത്തിനും 'ഹോളോസീന്‍' യുഗത്തിനും ഇടയ്ക്കാണ് ഇവ നിലനിന്നത്. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫോസില്‍ 5700 ബി.സി.യിലേതാണെന്ന് (7700 വര്‍ഷം മുമ്പത്തേത്) കാര്‍ബണ്‍ ഡേറ്റിങില്‍ തെളിഞ്ഞിട്ടുണ്ട്. വലിപ്പമായിരുന്നു ഇവയുടെ പ്രത്യേകത. ഏഴടി ഉയരവും, 12 അടി നീളവും 90 പൗണ്ട് ഭാരവും. പ്രാചീന മനുഷ്യന്‍ വേട്ടയാടി നശിപ്പിച്ചതാണ് ഇവയെ എന്നൊരു വാദമുണ്ടെങ്കിലും, വലിപ്പക്കൂടുതല്‍ തന്നെ ഈ വര്‍ഗത്തിന്റെ നാശത്തിന് നിമിത്തമായിരിക്കാം എന്നാണ് കരുതുന്നത്.

6. കാസ്​പിയന്‍ കടുവ (Caspian Tiger): കടുവകളുടെ ഉപവര്‍ഗമായ ഇവയ്ക്ക് പേര്‍ഷ്യന്‍ കടുവ എന്നും പേരുണ്ട്. ലോകത്തുള്ള കടുവയിനങ്ങളില്‍ മൂന്നാമത്തെ വലിയ കടുവകളായിരുന്നു ഇവ. മധ്യ-പശ്്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1970-ഓടെ അന്യംനിന്നു. കാസ്​പിയന്‍ കടുവകളില്‍ ആണുങ്ങളായിരുന്നു വലുത് - 169 മുതല്‍ 240 കിലോഗ്രാം വരെ ഭാരം. പെണ്‍കടുവകള്‍ ചെറുതായിരുന്നു - ഭാരം 85 മുതല്‍ 135 കിലോഗ്രാം വരെ മാത്രം.


7. ഔറോക്‌സ് (Aurochs): വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ യൂറോപ്യന്‍ മൃഗമാണിത്. വളരെ വലിപ്പം കൂടിയ വളര്‍ത്തുമൃഗമായിരുന്നു അത്. 20 ലക്ഷം വര്‍ഷം മുമ്പ് ഇന്ത്യയില്‍ ആവിര്‍ഭവിച്ച ഈ ജീവിവര്‍ഗം, പശ്ചിമേഷ്യ വഴി പടിഞ്ഞാറോട്ട് കുടിയേറുകയും, രണ്ടര ലക്ഷം വര്‍ഷം മുമ്പ് യൂറോപ്പിലെത്തുകയും ചെയ്തു എന്നാണ് നിഗമനം. പതിമൂന്നാം നൂറ്റാണ്ടോടെ ഔറോക്‌സിന്റെ സാന്നിധ്യം പോളണ്ട്, ലിത്വാനിയ, മോള്‍ഡാവിയ, ട്രാന്‍സില്‍വാനിയ, കിഴക്കന്‍ പ്രൂഷ്യ എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടു. വേട്ടയാണ് ഇവയെ നശിപ്പിച്ചത്. 1564 ആയപ്പോഴേക്കും 38 മൃഗങ്ങള്‍ മാത്രമായി ഇവ ചുരുങ്ങി. അറിയപ്പെടുന്ന അവസാനത്തെ ഔറോക്‌സിന് പോളണ്ടില്‍ 1627-ല്‍ അന്ത്യമായി. അതോടെ ആ വര്‍ഗം കുറ്റിയറ്റു.

8. ഭീമന്‍ ഓക്ക് (Great Auk): പെന്‍ഗ്വിനുകളെ അനുസ്മരിപ്പിക്കുന്ന ഈ പക്ഷികള്‍ക്ക് പറക്കാന്‍ കഴിവില്ലായിരുന്നു. ഓക്ക് വര്‍ഗത്തില്‍ ഏറ്റവും വലിപ്പമുള്ള ഇവ 1844-ഓടെ അന്യംനിന്നു. 75 സെന്റീമീറ്ററോളം ഉയരമുള്ള ഈ വര്‍ഗത്തിന് അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു. വെളുപ്പും കറുപ്പും നിറമുള്ളതായിരുന്നു ഇവ. കിഴക്കന്‍ കാനഡ ദ്വീപുകളിലും, ഗ്രീന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വെ, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു കാലത്ത് സുലഭമായിരുന്നു ഭീമന്‍ ഓക്ക്. മാംസത്തിനായി ഇവയെ വന്‍തോതില്‍ വേട്ടയാടിയാതാണ് വംശനാശത്തിന് ഇടയാക്കിയത്.

9. ഗുഹാസിംഹം (Cave Lion): പ്രാചീനകാലത്തെ ഗുഹാചിത്രങ്ങളില്‍ ഈ സിംഹത്തെ കാണാം. ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ സിംഹവര്‍ഗമായിരുന്നു ഇവയെന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. 2000 വര്‍ഷം മുമ്പ് ഇവ അന്യംനിന്നു എന്നാണ് കരുതുന്നത്. ആധുനിക കാലത്തെ സിംഹങ്ങളെ അപേക്ഷിച്ച് പത്തു ശതമാനം വരെ വലിപ്പക്കൂടുതലുണ്ടായിരുന്നു ഗുഹാസിംഹങ്ങള്‍ക്ക് എന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. ഹിമയുഗത്തിന്റെ ഫലമായി പതിനായിരം വര്‍ഷം മുമ്പാകണം ഈ വര്‍ഗത്തിന് വന്‍തോതില്‍ നാശം നേരിട്ടത്. എന്നാല്‍, 2000 വര്‍ഷം മുമ്പുവരെ ബാള്‍ക്കന്‍ മേഖലയില്‍ ഇവ നിലനിന്നതിന് തെളിവുണ്ട്.


10. ഡോഡൊ (Dodo): ജീവലോകം നേരിടുന്ന വംശനാശ ഭീഷണിയുടെ പ്രതീകമായി മാറിയ പക്ഷിയാണിത്. മനുഷ്യന്റെ ചെയ്തി മൂലം പൂര്‍ണമായും വംശമറ്റ ജീവി. പ്രാവുകളുമായി ബന്ധമുള്ള, പറക്കാന്‍ കഴിവില്ലാത്ത പക്ഷിയായിരുന്നു ഡോഡൊ. മൗറീഷ്യസാണ് ഇവയുടെ നാട്. തറയില്‍ കൂടുകൂട്ടി മുട്ടയിടുന്ന ഇവയ്ക്ക് സമാന്യം നല്ല വലിപ്പമുണ്ടായിരുന്നു. 40 ഇഞ്ച് പൊക്കത്തില്‍ വളരുന്ന ഇവയെ ഇറച്ചിക്കായി മനുഷ്യന്‍ കൊന്നൊടുക്കുകയാണുണ്ടായത്. ഈ ജീവിയെ ആദ്യമായി കണ്ടെത്തി ഒരു നൂറ്റാണ്ട് തികയും മുമ്പ് ഇവയുടെ കഥ കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഡോഡൊ ചരിത്രമായി.


11. പാസഞ്ചര്‍ പ്രാവ് (Passenger Pigeon): വടക്കേയമേരിക്കന്‍ ഭൂഖണ്ഡത്തില്‍ റോക്കി പര്‍വതനിരയ്ക്ക് കിഴക്കുള്ള പ്രദേശത്ത് ഒരു കാലത്ത് കോടിക്കണക്കിന് പാസഞ്ചര്‍ പ്രാവുകള്‍ ജീവിച്ചിരുന്നു. മുമ്പ് വടക്കേയമേരിക്കയിലെ പക്ഷികളില്‍ 40 ശതമാനത്തോളം പാസഞ്ചര്‍ പ്രാവുകളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവയുടെ സംഖ്യ ഏതാണ്ട് 500 കോടി വരുമായിരുന്നു എന്നാണ് കണക്ക്. കൂട്ടമായി പറക്കുമ്പോള്‍ മണിക്കൂറുകളോളം ഇവ ആകാശം മറയ്ക്കുമായിരുന്നു. മനുഷ്യന്റെ ആര്‍ത്തിയാണ് പാസഞ്ചര്‍ പ്രാവുകളെ ഇല്ലാതാക്കിയത്. ദിവസവും ആയിരങ്ങളെ വീതം കൊന്നൊടുക്കി. ഇവയുടെ പ്രജനനകേന്ദ്രങ്ങളില്‍ വരെ വേട്ട നീണ്ടു. പക്ഷികള്‍ എവിടെയുണ്ടെന്ന വിവരം വേട്ടക്കാര്‍ക്ക് എത്തിക്കാന്‍ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കപ്പെട്ടു. വേട്ടയാടിയ ആയിരക്കണക്കിന് പ്രാവുകള്‍ കമ്പോളത്തിലെത്തി. അറിയപ്പെടുന്ന അവസാനത്തെ പാസഞ്ചര്‍ പ്രാവിന്റെ പേര് മാര്‍ത്ത എന്നായിരുന്നു. 1914 സപ്തംബര്‍ ഒന്ന് പകല്‍ ഒരു മണിക്ക് സിന്‍സിനാറ്റി മൃഗശാലയില്‍ ആ ജീവി അന്ത്യശ്വാസം വലിച്ചു.

12. ബ്രിട്ടീഷ് ചെന്നായ (British Wolf): ഒരു കാലത്ത് ബ്രിട്ടനിലാകെ കാണപ്പെട്ടിരുന്ന ജീവിയാണിത്. രണ്ടായിരം വര്‍ഷം മുമ്പ് അവയുടെ സംഖ്യ പതിനായിരം വരുമായിരുന്നു എന്ന് കണക്കാക്കുന്നു. മനപ്പൂര്‍വം ബ്രിട്ടന്‍ ഈ ജീവിവര്‍ഗത്തെ നശിപ്പിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ ചെന്നായകളെയും കൊന്നൊടുക്കാന്‍ 1281-ല്‍ എഡ്വേര്‍ഡ് രാജാവ് ഉത്തരവിട്ടു. ആ ക്യാമ്പയിന്‍ വിജയമായിരുന്നു. പതിനാറാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ചെന്നായയുടെ അവസാന അംഗവും നശിച്ചു. ചെന്നായകളെ തങ്ങളുടെ മണ്ണില്‍ നിന്ന് പൂര്‍മായി ഉന്‍മൂലനം ചെയ്ത രാജ്യമെന്ന ദുഷ്‌പേര് ബ്രിട്ടനുള്ളതാണ്.

13. സുവര്‍ണ തവള (Golden Toad): ആഗോളതാപനത്തിന്റെ ആദ്യഇരയെന്ന് കണക്കാക്കപ്പെടുന്ന ജീവിയാണ് സുവര്‍ണ തവള. കോസ്റ്റാറിക്കയിലെ കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെട്ടിരുന്ന ഈ മനോഹര ജീവിയെ 1966-ലാണ് ആദ്യമായി കണ്ടെത്തിയത്. ഒരുകാലത്ത് മുപ്പതിനായിരത്തോളം സുവര്‍ണ തവളകള്‍ ആ കാട്ടില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അവയുടെ വാസഗേഹമായ കാട്ടിലെ ഈര്‍പ്പം കുറഞ്ഞതാണ് ആ ജീവിയെ നാശത്തിലേക്ക് തള്ളിവിട്ടത്. 1987-88 ലെ എല്‍നിനോ പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടി. അവസാനമായി ഒരു സുവര്‍ണ തവളയെ മനുഷ്യന്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1989 മെയ് 15-നാണ്.

2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ഓസോണ്‍ പാളിക്ക് ഭീഷണിയൊഴിയുന്നില്ല


ഓസോണ്‍ ശോഷണത്തിലെ പുതിയ വില്ലന്‍ കാലാവസ്ഥാവ്യതിയാനമെന്ന് പഠനറിപ്പോര്‍ട്ട്.

ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ (സി.എഫ്.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ടു മാത്രം ആയില്ല. ആഗോളതാപനം വഴി ഭൂമിക്ക് ചൂടുപിടിക്കുന്നത് അന്തരീക്ഷത്തിലെ വാതകപ്രവാഹങ്ങള്‍ക്ക് മാറ്റമുണ്ടാക്കുന്നുവെന്നും, ഓസോണ്‍പാളി ശിഥിലമാകാന്‍ അത് കാരണമാകുമെന്നും പുതിയൊരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. അതുവഴി, ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ആള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കുമെന്നാണ് കനേഡയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.

അതേസമയം, ഓസോണിന് ഏറ്റവും വിനാശകാരിയായ രാസവസ്തു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഇപ്പോഴും നിര്‍ബാധം തുടരുന്നതായി മറ്റൊരു പഠനം പറയുന്നു. 'ലാഫിങ്ഗ്യാസ്' എന്ന ഓമനപ്പേരുള്ള നൈട്രസ് ഓക്‌സൈഡാണ് സ്ട്രാറ്റോസ്ഫിയറില്‍ മറ്റേത് രാസവസ്തുവിനെക്കാളും ഓസോണിനെ ദോഷകരമായി ബാധിക്കുന്നത്. ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ തുടര്‍ന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഓസോണ്‍പാളിക്ക് ഏറ്റവുമധികം പരിക്കേല്‍പ്പിക്കുന്ന രാസവസ്തു നൈട്രസ് ഓക്‌സൈഡ് ആയിരിക്കുമെന്ന്, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനി (നോവ) ലെ ഗവേഷകനായ എ.ആര്‍. രവിശങ്കരയും സംഘവും നടത്തിയ പഠനം പറയുന്നു.

ഭൂമിയില്‍ നേരിട്ട് പതിറ്റാല്‍ ചര്‍മാര്‍ബുദം മുതല്‍ ഭക്ഷ്യക്ഷാമത്തിന് വരെ കാരണമായേക്കാവുന്നതാണ് സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് കിരണങ്ങള്‍. അപകടകാരിയായ അത്തരം കിരണങ്ങളില്‍ 90 ശതമാനവും തടഞ്ഞുനിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോണ്‍പാളി. ഭൂപ്രതലത്തില്‍ നിന്ന് 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മുകളില്‍, സ്ട്രാറ്റോസ്ഫിയറില്‍ ഓസോണിന്റെ സാന്ദ്രത കൂടുതലുള്ള ഭാഗത്തെയാണ് ഓസോണ്‍പാളിയെന്ന് വിളിക്കുന്നത്.

കാലാവസ്ഥാവ്യതിയാനം മൂലം മേല്‍പ്പാളിയിലെ വാതകപ്രവാഹങ്ങള്‍ മാറുമെന്നും ഓസോണ്‍പാളി ശിഥിലമാകുമെന്നും കണ്ടെത്തയത് ടൊറന്റോ സര്‍വകലാശാലയിലെ തിയോഡോര്‍ ഷെപ്പേര്‍ഡും മൈക്കല ഹെഗ്ലിനും ചേര്‍ന്നാണ്. വരുന്ന നൂറ് വര്‍ഷത്തേക്ക് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നറിയാന്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനത്തിലാണ്, ഓസോണ്‍പാളി നേരിടുന്ന പുതിയ ഭീഷണിയെക്കുറിച്ച് സൂചന ലഭിച്ചത്.

ഓസോണ്‍പാളി ശിഥിലമാകുമ്പോള്‍, അന്തരീക്ഷത്തിലെ താഴ്ന്ന വിതാനത്തില്‍ ഓസോണിന്റെ സാന്നിധ്യം വര്‍ധിക്കുമെന്ന് പഠനം പറയുന്നു. യൂറോപ്പിലെ പര്‍വത മേഖലകളിലും, വടക്കേയമേരിക്കയുടെ പടിഞ്ഞാറന്‍ തീരമേഖലയിലും ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചതായി നിരീക്ഷിച്ചിട്ടുണ്ട്. പുതിയ പഠനത്തില്‍ പറയുന്ന ഓസോണ്‍ ശിഥിലീകരണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവാണ് ഇതെന്ന് ഗവേഷകര്‍ കരുതുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഇപ്പോഴത്തേതിലും 23 ശതമാനം കൂടുതല്‍ ഓസോണ്‍ (ഏതാണ്ട് 15.1 കോടി ടണ്‍) അന്തരീക്ഷത്തില്‍ താഴേയ്‌ക്കെത്തുമെന്നാണ് അനുമാനം.

ഓസോണ്‍ കൂടുതലായി അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാത്തിലേക്ക് എത്തുമ്പോള്‍, ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തടയപ്പെടേണ്ട സ്ട്രാറ്റോസ്ഫിയറില്‍ വാതകത്തിന്റെ സാധ്യത കുറയും. ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ഇത്തരം കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കാന്‍ അത് കാരണമാകും-'നെച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വന്‍തോതിലുള്ള ജൈവഅപചയത്തിനും അര്‍ബുദബാധയ്ക്കും ഇത് കാരണമാകും. ഭൂമിയില്‍ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനില്‍പ്പും അപകടത്തിലാകും.

അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ച് ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തന്നെയാണ് ഓസോണിന് ജന്മമേകുന്നത്. ആള്‍ട്രാവയലറ്റ് കിരണങ്ങളേറ്റ് ഓക്‌സിജന്‍ തന്മാത്ര (O2) കള്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ് ഓക്‌സിജന്‍ ആറ്റങ്ങള്‍, അവയ്ക്ക് ഒറ്റയ്ക്ക് നിലനില്‍ക്കാനാവില്ല. അതിനാല്‍, വിഘടിക്കപ്പെടുന്ന ഓരോ ഓക്‌സിജന്‍ ആറ്റങ്ങളും ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടുചേര്‍ന്ന്, ഓക്‌സിജന്റെ അലോട്രോപ്പായ ഓസോണ്‍ (O3) ആയി മാറുന്നു.

നൈട്രസ് ഓക്‌സയിഡ്, റഫ്രിജറേറ്ററുകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന സി.എഫ്.സികള്‍ തുടങ്ങിയ രാസവസ്തുക്കള്‍ അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെത്തി ഓസോണിനെ വിഘടിപ്പിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഓസോണ്‍ശേഷണം വര്‍ധിക്കുന്നു. 1970-കളില്‍ ശാസ്ത്രലോകം കണ്ടെത്തിയ ഈ വിപത്ത് നേരിടാനാണ്, ലോകരാഷ്ട്രങ്ങള്‍ 1989-ല്‍ മോണ്‍ട്രിയള്‍ ഉടമ്പടിക്ക് രൂപംനല്‍കിയത്. ഓസോണിന് ഭീഷണിയായ സി.എഫ്.സികള്‍ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയായിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. അതില്‍ ലോകം ഏതാണ്ട് വിജയിക്കുകയും ചെയ്തു.

എന്നാല്‍, മോണ്‍ട്രിയള്‍ ഉടമ്പടി പ്രകാരം നൈട്രസ് ഓക്‌സയിഡിന്റെ ഉപയോഗം വിലക്കിയിട്ടില്ല. അതിനാല്‍, ഓസോണിന് ഏറ്റവും വിനാശകാരിയായ രാസവസ്തു ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നതായി എ.ആര്‍. രവിശങ്കരയും സംഘവും 'സയന്‍സ്' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നൈട്രസ് ഓക്‌സയിഡിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് ഓസോണിന്റെ രക്ഷയ്ക്ക് അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദൂരദര്‍ശന് 50 വയസ്സ്


ഇന്ത്യയുടെ അഭിമാനമായ ദൂരദര്‍ശന് സെപ്തംബര്‍ 15ന് 50 വയസ് തികഞ്ഞു. യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളും ഉപയോഗിച്ച് 1959 സെപ്തംബര്‍ 15നാണ് ദൂരദര്‍ശന്റെ ആദ്യസിഗ്നലുകള്‍ ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ഫിലിപ്‌സ് ഇന്ത്യ കമ്പനി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയ ട്രാന്‍സ്മിറ്ററായിരുന്നു ആ പ്രൊജക്ടിന്റെ ഹൃദയം.

ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ച സ്റ്റുഡിയോയില്‍ നിന്നാണ് ആദ്യസംപ്രേക്ഷണം നടത്തിയത്. ട്രാന്‍സിമിറ്ററിന്റെ ശേഷി കുറവായിരുന്നതിനാല്‍ ഡല്‍ഹിക്കുചുറ്റും 40 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ പരിപാടികള്‍ ലഭ്യമായിരുന്നുള്ളു. ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടങ്ങിയത്.

സൗജന്യമായി ലഭിച്ച ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയ 180 ടെലിക്ലബ്ബുകളായിരുന്നു ദൂരദര്‍ശനെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. സംപ്രേക്ഷണം തുടങ്ങിയ ഉടനെ തന്നെ സമീപ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കും ടെലി ക്ലബ്ബുകളിലൂടെ ടെലിവിഷന്റെ മാസ്മരികലോകം കാണാനായി എന്നത് ദൂരദര്‍ശന്റെ ജനപ്രീതിക്ക് തറക്കല്ലിട്ടു.

ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷം 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. ഇതോടെ ആകാശവാണിയിലെ താല്‍ക്കാലിക സ്റ്റുഡിയോ പോരാതെ വന്നതിനെത്തുടര്‍ന്ന് ജര്‍മ്മനിയുടെ സഹായത്തോടെ ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയാണ് പ്രോഗ്രാമുകള്‍ തയ്യാറാക്കിയത്.

1970 ല്‍ സ്‌പ്രേക്ഷണ ദൈര്‍ഘ്യം മൂന്നു മണിക്കൂറായി വര്‍ദ്ധിപ്പിച്ചതിനുപിന്നാലെ വാര്‍ത്താ ബുള്ളറ്റിനും ദൂര്‍ദര്‍ശന്‍ തുടങ്ങി. ഡല്‍ഹിക്കു പുറത്തേക്ക് സിഗ്നലുകള്‍ എത്തിക്കാനായി ശക്തികൂടിയ ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ചതോടെ സംപ്രേക്ഷണ പരിധി 60 കിലോമീറ്ററായും വര്‍ദ്ധിപ്പിച്ചു. ഈ പരിധിയില്‍ വരുന്ന 80 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കായി കൃഷിദര്‍ശന്‍ എന്ന പരിപാടിയും തുടങ്ങി. ഇപ്പോഴും സംപ്രക്ഷണം തുടരുന്ന പരിപാടികളിലൊന്നാണ് കൃഷിദര്‍ശന്‍. 39 വര്‍ഷമായി ആഴ്ചയില്‍ അഞ്ചുദിവസവും വൈകീട്ട് ആറയ്ക്കാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്.

ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്. 1982 ലെ ഏഷ്യന്‍ ഗെയിംസ് ലൈവായി കൊടുത്തതാണ് ദൂരദര്‍ശന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായത്.

ഇന്ത്യന്‍ ഭൗമാതിര്‍ത്തിയുടെ 90.7 ശതമാനം സ്ഥലത്തും ദൂരദര്‍ശന്റെ സിഗ്നലുകള്‍ ലഭ്യമാണ്. 1400 ട്രാന്‍സ്മിറ്ററുകളുടെ സഹായത്തോടെയാണ് ഈ ഭൂതല സംപ്രേക്ഷണം നിര്‍വഹിക്കുന്നത്. 146 രാജ്യങ്ങളില്‍ സാറ്റ്‌ലൈറ്റ് മുഖേനെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാവും.

ആകാശവാണിയുടെ കീഴില്‍ തുടങ്ങിയ ദുരദര്‍ശന്‍ പിന്നീട് സ്വതന്ത്രമായി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. പ്രസാദ് ഭാരതി ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ കീഴിലാണ് ഇപ്പോള്‍ ദൂരദര്‍ശനും ആകാശവാണിയും പ്രവര്‍ത്തിക്കുന്നത്.

കുറ്റാന്വേഷണ സീരിയലായ ബ്യോങ്കേഷ് ബക്ഷി, 1984 ജൂലൈ 7ന് തുടങ്ങിയ പ്രശ്തമായ സീരിയല്‍ ഹംലോഗ്, നുഖാദ്, ബി.ആര്‍ ചോപ്ര തയ്യാറാക്കിയ അത്ഭുതമെന്ന് വിശേഷിക്കപ്പെട്ട മഹാഭാരത്, ബുനിയാദ്, യെ ജോ ഹെ സിന്ദഗി, രാമാനന്ദ് സാഗറിന്റെ രാമായണ്‍, മിസ്റ്റര്‍ യോഗി, ഷാരൂഖ് ഗാന്‍ രംഗപ്രവേശനം ചെയ്ത ഫൗജി, മുഗേരിലാല്‍ കെ ഹസീന്‍ സപ്‌നെ, സര്‍ക്കസ് തുടങ്ങിയ പരിപാടികളും ദൂരദര്‍ശന്റെ വളര്‍ച്ചയെ സ്വാധീനിച്ചു.

1982 നവംബര്‍ 19 ന് തിരുവനന്തപുരത്ത് ഒരു കിലോവാട്ട് ശേഷിയുള്ള ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കേരളവും ദൂരദര്‍ശന്റെ മാസ്മരിക തരംഗങ്ങളില്‍ പെട്ടു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ റിലേ ചെയ്യുകമാത്രമായിരുന്നു ഇവിടെ.

1985 ജനുവരിയില്‍ ആദ്യ മലയാളം പ്രൊഡക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 85 ജനുവരി ഒന്നിന് ആരംഭിച്ചു. മലയാളം വാണിജ്യ പരിപാടികളും അന്നുതന്നെ സംപ്രേക്ഷണം തുടങ്ങി. നാലുമാസത്തിനകം തിരുവനന്തപുരത്ത് ശക്തികൂടിയ പത്ത് കിലോവാട്ട് ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചതോടെ കൂടുതല്‍ പ്രദേശത്ത് മലയാളം പരിപാടികള്‍ ലഭ്യമായിത്തുടങ്ങി.

1995 ല്‍ മലയാളം സിനിമകള്‍ നല്‍കിത്തുടങ്ങി. പൂര്‍ണമലയാളം ചാനലായി ഡി.ഡി. മലയാളം സാറ്റ്‌ലൈറ്റ് ചാനല്‍ 2000 ജനുവരി ഒന്നിന് സംപ്രേക്ഷണം ആരംഭിച്ചു. 2004 ല്‍ ഡിജിറ്റര്‍ എര്‍ത്ത് സ്റ്റേഷന്‍ തുടങ്ങി. 2005 ല്‍ തന്നെ കോഴിക്കോട് ഡി.ഡി. ന്യൂസ് ഹൈപവര്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു.

1862 ലാണ് ലോകത്ത് ആദ്യത്തെ നിശ്ചല ചിത്രം വൈദ്യുതിതരംഗങ്ങളായി കൈമാറിയത്. ചലചിത്രങ്ങള്‍ മറ്റൊരിടത്തേക്ക് തരംഗങ്ങളായി അയക്കാനുള്ള ശ്രമങ്ങള്‍ക്കും ഇതോടെ തുടക്കമായി. 1873 ലാണ് മേയ് , സ്മിത്ത് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാര്‍ ഇതിനുള്ള സാധ്യത വിജയകരമായി പരീക്ഷിച്ചത്.

എന്നാല്‍ ടെലിഫോണ്‍ കണ്ടുപിടിച്ച അലക്‌സാണ്ടര്‍ ഗ്രഹാം ബെല്ലും തോമസ് ആല്‍വ എഡിസണും 1880 ല്‍ ഫോട്ടോ ഫോണ്‍ എന്ന സങ്കല്‍പത്തെ അടിസ്ഥാനമാക്കി പരീക്ഷണങ്ങള്‍ തുടങ്ങി. 1884 ല്‍ ആദ്യത്തെ 18 ലൈന്‍ റെസലൂഷനുള്ള ചിത്രം വയറുകളിലൂടെ അയക്കാനായി. ഇലക്ട്രോണിക് ടെലിസ്‌കോപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്.

1900 ല്‍ പാരീസില്‍ ടെലിവിഷന്‍ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടെങ്കിലും 1906ലാണ് ആദ്യത്തെ മെക്കാനിക്കല്‍ ടെലിവിഷന്‍ കണ്ടുപിടിക്കൂന്നത്. കാഥോഡ് റേ ട്യൂബിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 1926 ല്‍ ജോണ്‍ ബേഡ് സെക്കന്‍ഡില്‍ അഞ്ച് ഫ്രേമുകള്‍ വീതം അയക്കാനാവുന്ന സംവിധാനം കണ്ടെത്തിയതോടെ ആധുനിക ടെലിവിഷന്റെ ചരിത്രം തുടങ്ങി. 1927 ല്‍ അമേരിക്കയിലെ ബെല്‍ ടെലിഫോണ്‍ കമ്പനി ന്യൂയോര്‍ക്കിലും വാഷിങ്ടണ്‍ ഡി.സിയിലും ദീര്‍ഘദൂര ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചു.

1928 ല്‍ ഫെഡറല്‍ റേഡിയോ കമ്മീഷന്‍ ആദ്യത്തെ ടെലിവിഷന്‍ സ്‌റ്റേഷന്‍ ലൈസന്‍സ് ( W3XK ) ചാള്‍സ് ജെക്കിന്‍സിന് നല്‍കിയതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലിവിഷന്‍ യുഗത്തിന് തുടക്കമായി

വിനോദ ചാനലുകള്‍ക്കും വ്യപാരതാല്‍പര്യങ്ങളുള്ള ചാനലുകള്‍ക്കും തീരെ താല്‍പര്യമില്ലാത്ത ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ അന്നും ഇന്നും പ്രവര്‍ത്തനം തുടരുന്നത്. 22 ഭാഷകളിലായി 30 ചാനലുകളുള്ള ദൂരദര്‍ശന്‍ ലോകത്തെ വലിയ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളിലൊന്നാണ്.

2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ജതിന് അന്താരാഷ്ട്ര അംഗീകാരം

തൃശ്ശൂര്‍: ചന്ദ്രന്റെ മനോഹരദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ തൃശ്ശൂര്‍ സ്വദേശിയായ ബാലന് അന്താരാഷ്ട്രപുരസ്‌കാരം. യങ് അസ്‌ട്രോണമി ഫോട്ടോഗ്രാഫര്‍ 2009 മത്സരത്തില്‍ 16ന് താഴെയുള്ളവരുടെ വിഭാഗത്തില്‍ മൂന്നാംസ്ഥാനം നേടി ജതിന്‍ പ്രേംജിത്താണ് രാജ്യത്തിന്റെ അഭിമാനമായത്. ലണ്ടനിലെ ഗ്രീന്‍വിച്ച് റോയല്‍ ഒബ്‌സര്‍വേറ്ററി, ബി.ബി.സി. സൈ്ക അറ്റ് നൈറ്റ് മാഗസിനുമായി ചേര്‍ന്ന് നടത്തിയ മത്സരത്തിലാണ് പുരസ്‌കാരം. തൃശ്ശൂര്‍ കണ്ണംകുളങ്ങര വലിയവളപ്പില്‍ പ്രേംജിത്ത് നാരായണന്റെ മകനാണ്.വിവിധവിഭാഗങ്ങളിലായുള്ള പുരസ്‌കാരജേതാക്കളില്‍ ഏക ഇന്ത്യക്കാരനും ജതിന്‍ തന്നെ. ഗലീലിയോ ടെലിസേ്കാപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയത്തിന്റെ 400-ാം വര്‍ഷത്തില്‍ യുനസ്‌ക്കോയുടെ അംഗീകാരത്തോടെയാണ് മത്സരം നടത്തിയത്. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരം.13 വയസ്സുകാരനായ ജതിന്റെ ചിത്രം 'നമ്മുടെ ഉപഗ്രഹത്തിന്റെ മനോഹരദൃശ്യം' എന്നാണ് ജൂറി വിശേഷിപ്പിച്ചത്. 400 വര്‍ഷമായി മനുഷ്യന്റെ ഭാവനയിലും കാഴ്ചയിലും വിരിഞ്ഞ ചാന്ദ്രദൃശ്യങ്ങളുമായി ഈ മനോഹരചിത്രത്തിനുള്ള സാദൃശ്യവും അവര്‍ എടുത്തുപറയുന്നു.

ഏപ്രിലില്‍ ബഹ്‌റിനില്‍ നടന്ന ഫോര്‍മുല - വണ്‍ - കാറോട്ടമത്സരത്തില്‍നിന്ന് ജതിന്‍ എടുത്ത ചിത്രം കാനന്‍ ഫോട്ടോ പ്ലസ് ഫോട്ടോഗ്രാഫി മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. 250-300 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന കാറിന്റെ ചിത്രം മനോഹരമായി പകര്‍ത്തിയ ബാലന് അന്ന് വിവിധകേന്ദ്രങ്ങളില്‍നിന്ന് പ്രശംസ ലഭിച്ചിരുന്നു.

ബര്‍മുഡ ത്രികോണത്തിന്റെ നിഗൂഢത നീങ്ങുന്നു

ലണ്ടന്‍: ബര്‍മുഡ ത്രികോണത്തെ ചുറ്റിയുള്ള നിഗൂഢത നീക്കിക്കൊണ്ട്, ഇവിടെയുണ്ടായ വിമാനാപകടങ്ങളില്‍ രണ്ടെണ്ണത്തിന്റെകൂടി കാരണം വെളിപ്പെട്ടു. 1940കളില്‍ ബ്രിട്ടന്റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. വ്യോമയാന സാങ്കേതിക വിദ്യ ഇത്രത്തോളം വികസിച്ചിട്ടില്ലാത്ത കാലത്തുണ്ടായ മറ്റ് അപകടങ്ങള്‍ക്കും ഇതുപോലുള്ള കാരണങ്ങള്‍ കണ്ടെത്താനാവുമെന്നാണ് ബി.ബി.സി. സംഘത്തിന്റെ നിഗമനം.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ വടക്ക് ബര്‍മുഡയ്ക്കും ഫേ്‌ളാറിഡയ്ക്കും പ്യൂട്ടോറിക്കയ്ക്കുമിടയിലുള്ള സമുദ്ര ഭാഗമാണ് ബര്‍മുഡ ത്രികോണമെന്ന് അറിയപ്പെടുന്നത്. ഇതുവഴിപോയ പല കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമായതോടെ ഈ സാങ്കല്പിക ത്രികോണം നിഗൂഢ മേഖലയായി വാര്‍ത്തകളിലും കഥകളിലും നിറഞ്ഞു. അമാനുഷിക ശക്തികളുടെ പ്രവര്‍ത്തനഫലമാണ് അപകടങ്ങളെന്ന് വ്യാഖ്യാനമുണ്ടായി. കാന്തികശക്തിയും കടല്‍ക്ഷോഭവും അപകടകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു. കഥകളില്‍ ഈ സമുദ്രഭാഗം ഭീകരഭാവം പൂണ്ടു.

ബര്‍മുഡ ത്രികോണത്തില്‍ അപ്രത്യക്ഷമായ വിമാനങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണത്തിനു പിന്നിലെ ദുരൂഹതയാണ് ബി.ബി.സി. അന്വേഷണത്തില്‍ നീങ്ങുന്നത്. 1948 ജനവരി 30ന് ബ്രിട്ടീഷ് സൗത്ത് അമേരിക്കന്‍ എയര്‍വെയ്‌സിന്റെ ആവ്‌റോ ട്യൂഡര്‍ ഫോര്‍ വിമാനം കടലില്‍ വീണ് 30 പേരാണ് മരിച്ചത്. മൃതദേഹങ്ങളോ വിമാനാവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. 1949 ജനവരി 17നുണ്ടായ രണ്ടാമത്തെ അപകടത്തില്‍ 21 പേര്‍ മരിച്ചു.

നേരത്തേ തന്നെ സാങ്കേതികത്തകരാറുകളുണ്ടായിരുന്ന ആദ്യ വിമാനം നന്നെ താഴ്ന്നാണ് പറന്നിരുന്നതെന്നും വഴിമധ്യേയുണ്ടായ എന്തോ പ്രശ്‌നം കാരണം ഇത് കടലിലേക്ക് കൂപ്പുകുത്തിയതാകാമെന്നുമാണ് ബി.ബി.സി. കണ്ടെത്തിയത്. രൂപകല്പനയില്‍ത്തന്നെ പിഴവുകളുണ്ടായിരുന്ന രണ്ടാമത്തെ വിമാനം ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നിരിക്കാം എന്നാണ് നിഗമനം.

അപകടങ്ങളുടെ കാരണം കണ്ടെടുത്താനാവാത്ത അന്നത്തെ അന്വേഷണസംഘം മറ്റെന്തോ ആവാം അതിനു പിന്നിലെന്ന് അഭിപ്രായപ്പെട്ടിരിക്കാം. ഇതാണ് ബര്‍മുഡ ത്രികോണത്തിലെ അപകടങ്ങള്‍ക്കു പിന്നില്‍ നിഗൂഢ ശക്തികളാണെന്ന് കഥ പരക്കാന്‍ കാരണമെന്ന് ബി.ബി.സി. സംഘം അഭിപ്രായപ്പെടുന്നു.

ചാവുകടല്‍ ചാവുന്നു

ജറുസലേം: ഇസ്രായേലിനെ ദുഃഖത്തിലാഴ്ത്തി, ചാവുകടല്‍ മരണത്തിലേക്കു നീങ്ങുന്നു. വര്‍ഷം മൂന്നടി എന്നതോതില്‍ ഈ കടലിലെ ജലനിരപ്പ് താണുകൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 422.83 മീറ്റര്‍ താഴെയാണിപ്പോള്‍ ചാവുകടല്‍. കടല്‍ വറ്റാന്‍ തുടങ്ങിയതോടെ വിനോദസഞ്ചാരികള്‍ തീരംവിട്ടുപോയിത്തുടങ്ങി.

കിഴക്ക് ജോര്‍ദാനും പടിഞ്ഞാറ് ഇസ്രായേലും വെസ്റ്റ് ബാങ്കും അതിരിടുന്ന ഈ ഉപ്പുതടാകം വറ്റുന്നതിന്റെ വേഗം ഓരോവര്‍ഷവും കൂടിവരികയാണ്. ജോര്‍ദാന്‍ നദി ഒഴുകിച്ചെന്നു ചേരുന്നത് ഇതിലാണ്. ഉപ്പിന്റെ സാന്ദ്രത വളരെയേറെയുള്ള ചാവുകടലില്‍ കിടന്നാല്‍ മുങ്ങിപ്പോവില്ല. ജലജീവികള്‍ക്കിതില്‍ ജീവിക്കാനും പറ്റില്ല. അതുകൊണ്ടാണതിന് ചാവുകടലെന്നു പേരുവന്നത്. എന്നാലിപ്പോള്‍ പേര് അന്വര്‍ഥമാക്കിക്കൊണ്ട് ചാവുകടല്‍ തന്നെ ചാവുകയാണ്.

വര്‍ഷം നൂറുകോടി ഘനമീറ്റര്‍ വെള്ളമാണ് ജോര്‍ദാന്‍ നദിയിലൂടൊഴുകി ചാവുകടലിലെത്തിയിരുന്നത്. ഇതിന്റെ പത്തുശതമാനം മാത്രമേ ഇന്ന് കടലിലെത്തുന്നുള്ളൂ. നദിയൊഴുകുന്ന വഴികളില്‍ തടയണകെട്ടി ഇസ്രായേലും ജോര്‍ദാനും പലസ്തീനും വെള്ളം പങ്കിട്ടെടുത്തതോടെയാണ് കടലിലെത്തേണ്ട വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞതും ചാവുകടലിന്റെ ദുരന്തത്തിന് വേഗമേറിയതും.

കഴിഞ്ഞ 33 വര്‍ഷത്തിനിടെ ചാവുകടലിലെ ജലനിരപ്പ് 25 മീറ്ററാണ് താണത്. കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രതിവര്‍ഷം ഒരു മീറ്റര്‍ എന്ന കണക്കിലാണ് ജലനിരപ്പ് കുറഞ്ഞതെങ്കില്‍ ഇപ്പോഴത് പ്രതിവര്‍ഷം 1.29 മീറ്ററാണ്. ജൂലായില്‍ കടല്‍ നിരപ്പ് 19 സെന്റി മീറ്റര്‍ താണു. ആഗസ്തില്‍ 18 സെന്റീമീറ്ററും.

ശുദ്ധജലമൊഴുക്കി കടലിനെ വറ്റാതെ നിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും 1960-കള്‍ മുതല്‍ ഈ വെള്ളം കുടിവെള്ള സംഭരണിയിലേക്ക് തിരിച്ചുവിടാന്‍ തുടങ്ങി. ഇന്ന് ചാവുകടലിലേക്കൊഴുകിയെത്തുന്നത് ഓടവെള്ളവും ജോര്‍ദാന്‍ നദിയിലുടനീളമുള്ള മീന്‍പിടിത്ത സ്ഥലങ്ങളിലെ അവശിഷ്ടവും മാത്രം. കടലിനടിയില്‍ സുലഭമായ ധാതുക്കളുടെ ഖനനം ഇതിന്റെ ബാഷ്പീകരണത്തോത് കൂട്ടി.

ചാവുകടലിന് മരണമണി മുഴങ്ങുന്നത് പ്രാദേശിക ഭരണകൂടങ്ങള്‍ കേട്ടുതുടങ്ങി. ചെങ്കടലില്‍ നിന്ന് വെള്ളം കരിങ്കടലില്‍ നിറയ്ക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള സാധ്യതാപഠനത്തില്‍ ലോകബാങ്കില്‍ നിന്ന് ഇവര്‍ ധനസഹായം നേടിക്കഴിഞ്ഞു. എന്നാല്‍ ചാവുകടലിനും കരിങ്കടലിനുമിടയില്‍ ഇത്തരത്തിലൊരു ചാല്‍ ഉണ്ടാക്കുന്നതിനു പകരം മറ്റെന്തെങ്കിലും മാര്‍ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതിവാദികള്‍ രംഗത്തെത്തിക്കഴിഞ്ഞു. 1967ല്‍ ചാവുകടല്‍ തീരത്തെത്തി അവിടെ വളര്‍ന്ന് ഇന്ന് ചാവുകടല്‍ പ്രാദേശിക കൗണ്‍സിലിന്റെ വക്താവായ ഗുര ബെര്‍ഗര്‍ കടലിന്റെ ഇഞ്ചിഞ്ചായുള്ള മരണത്തിന് സാക്ഷിയാണ്. ഒരു പദ്ധതിയും നടപ്പാകാനിടയില്ലെങ്കില്‍ കണ്ണീര്‍കൊണ്ട് കടല്‍ നിറയേ്ക്കണ്ടിവരുമെന്നാണ് ബെര്‍ഗര്‍ പറഞ്ഞത്.

2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

ഹനാന്റെ വിസ്മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ


ഹനാന്റെ വിസ്മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ

കോഴിക്കോട്: കൗതുകങ്ങള്‍ക്ക് അവധി കൊടുത്ത് ഹനാന്‍ ബിന്‍ത് ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്ത്രവും ജീവശാസ്ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്ത്രലോകത്തിനു പുതുമയാണ്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ് വെസ്റ്റിങ്ഹൗസ് നടത്തുന്ന ശാസ്ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍. യു.എസ്. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്കിയാണ് സീമെന്‍സ് വെസ്റ്റിങ്ഹൗസ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് .ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്ക്കുകയാണ് ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട് തിയറി ഓഫ് സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ് ഹനാന്റെ സ്വപ്നം. ഇതുതന്നെയാണ് സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മെയിലാണ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എയ്‌റോനോട്ടിക്‌സിലും കോഴ്‌സ് പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് കുളിക്കാന്‍ കയറി ബാത്ത് ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച് പറയാനുണ്ട് ഉമ്മ അയിഷ മനോലിക്ക്. ടബ്ബില്‍ വെള്ളം നിറഞ്ഞ് മൂക്കില്‍ കയറിയപ്പോഴാണ് ഹനാന്‍ എഴുന്നേറ്റത്.ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍വെച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ഥം നാസ ഇത് ല്ക്കസ്വദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്-ലൂണാര്‍ ഗൂഗ്ള്‍പ്രൈസിലും പങ്കാളിയാണ്. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന് ഐസ് ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ് പദ്ധതി.ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്ത ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന് അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്തു.തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്. അന്ന് 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്ത്രപുസ്തകങ്ങളാണ് വായനയ്‌ക്കെടുത്തത്.ഐന്‍സ്റ്റീനോടായിരുന്നു താത്പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത.പ്രപഞ്ചം സ്ഥിരമല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് പ്രകാശത്തിന്റെ അതിരാണ്. ഏറ്റവും ശക്തിയേറിയ ഹബ്ള്‍ ടെലിസ്‌കോപ്പ് പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്- ടാക്കിയോണ്‍സ്. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്ത്രസംവിധാനമാണ് ഹനാന്റെ മറ്റൊരു പദ്ധതി.അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ് ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഹനാനുതന്നെ നിശ്ചയമില്ല.
കലാമിനെയും കുഴക്കിയ പ്രതിഭ
കോഴിക്കോട്: പ്രപഞ്ച വിസ്മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത് അയല്‍വാസിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്. അദ്ദേഹമാണ് ഹനാനെ തിരുവനന്തപുരത്തെ ശാസ്ത്രഭവനിലേക്കയച്ചത്. അവിടെ നിന്ന് പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്.രഘുനാഥനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്.സി. ഭട്ട്, സി. ശിവറാം, ഡോ. ജയന്ത് മൂര്‍ത്തി എന്നിവരാണ് ഹനാന് ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കുന്നത്.മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ് ഹനാന്‍ അയച്ച ഇ-മെയിലാണ് സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ് 'നാസ'യുമായി ബന്ധപ്പെടുത്തിയത്.ബന്ധു മുഹമ്മദ് അഷറഫ് വഴി, ഹിന്ദ് രത്തന്‍ അവാര്‍ഡ് ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ് ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ക്ക് ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്.കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ് മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്.പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് വിളിച്ച് കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് സകലപിന്തുണയുമായി നില്ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ് മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍. ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ് താരങ്ങളുമാണ് പങ്കെടുത്തത്. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്ത്രജ്ഞന്‍ സതീഷ് റെഡ്ഡിയുമായി വളരെനേരം സംസാരിക്കാനായതാണ് ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന് ബഹിരാകാശയാത്ര സ്വപ്നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന് പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്ക്കുന്നു. ചിലര്‍ വിളിക്കുന്നു.മറ്റൊരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ് യാത്രയ്ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്ക്കുന്നത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ് ഹനാനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ് ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചുകഴിഞ്ഞു.നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന് അറിയില്ല. അതില്‍ വിഷമമുണ്ട്''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്.ജ്യോതിശ്ശാസ്ത്രവും ജൈവസാങ്കേതികവിദ്യയുമാണ് ഭാവിയുടെ ശാസ്ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട് കടുത്ത എതിര്‍പ്പാണ് ഹനാന്. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക് പോകാന്‍ കാരണവും ഇതാണെന്ന് ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്ക്കുന്നത്. അതില്‍ എനിക്ക് നാണക്കേടുണ്ട്. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.
കടപ്പാട്‌: മാതൃഭ്മി